12 April, 2022 08:47:29 PM


കോട്ടയത്ത്‌ 62 കേന്ദ്രങ്ങളിൽ വിഷു, ഈസ്റ്റർ, റംസാൻ വിപണി തുറന്ന് കൺസ്യൂമർ ഫെഡ്



കോട്ടയം : സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർ ഫെഡും പ്രാഥമിക സഹകരണ സംഘങ്ങളും മുഖേന സംഘടിപ്പിക്കുന്ന വിഷു, ഈസ്റ്റർ, റംസാൻ വിപണിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവ്വഹിച്ചു. കൈപ്പുഴ സഹകരണ ബാങ്ക് ഓഫീസ് അങ്കണത്തിൽ നടന്ന യോഗത്തിൽ ബാങ്ക് പ്രസിഡന്റ് എം.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിപണിയുടെ ആദ്യ വിൽപന നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രദീപ്കുമാർ നിർവ്വഹിച്ചു.

ഏപ്രിൽ 12 മുതൽ 18 വരെ പ്രവർത്തിക്കുന്ന വിപണിയിൽ 13 ഇനം നിത്യോപയോഗ സാധനങ്ങൾ 50 ശതമാനം സബ്സിഡി നിരക്കിൽ ലഭിക്കും. കൺസ്യൂമർ ഫെഡിന്റെ ജില്ലയിലെ 62 വില്പന കേന്ദ്രങ്ങളിൽ ഈ സേവനം ലഭ്യമാണ്. കൂടാതെ  മറ്റ് ആവശ്യ വസ്തുക്കൾക്ക് ഏപ്രിൽ 15 വരെ വിലക്കുറവുണ്ടായിരിക്കും.

ഗ്രാമപഞ്ചായത്തംഗം ലൂക്കോസ് തോമസ്, സർക്കിൾ സഹകരണ സംഘം ചെയർമാൻ കെ.എം.രാധാകൃഷ്ണൻ, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) എൻ. അജിത് കുമാർ, കൺസ്യൂമർ ഫെഡ് ഭരണ സമിതിയംഗം ആർ. പ്രമോദ് ചന്ദ്രൻ, അസിസ്റ്റന്റ് രജിസ്ട്രാർ രാജീവ് എം. ജോൺ,  കൺസ്യൂമർ ഫെസ് റീജിയണൽ മാനേജർ അനിൽ പി.സഖറിയാ, കൈപ്പുഴ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി ഇൻ ചാർജ്ജ് കെ.എസ്. മഞ്ജു എന്നിവർ സംസാരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K