11 April, 2022 04:15:18 PM


വേനൽമഴയിൽ ഏറ്റുമാനൂരിൽ വൻകൃഷിനാശം; സഹായം എത്തിക്കുമെന്ന് മന്ത്രി വാസവൻ



ഏറ്റുമാനൂർ: വേനൽമഴയിൽ ഏറ്റുമാനൂരിലെ വിവിധ പാടശേഖരങ്ങളിൽ വെള്ളം കയറി വൻ കൃഷിനാശം. വെള്ളം കയറിയത്തോടെ വിളവെടുക്കാറായ നെൽചെടികൾ ചീഞ്ഞു നശിച്ചു. 60 ഏക്കർ വരുന്നതാണ് ചെറുവാണ്ടൂർ, ചെറുവാണ്ടൂർ തെക്കുംഭാഗം, 25 ഏക്കറുള്ള ഏറ്റുമാനൂർ, 90 ഏക്കറുള്ള പേരൂർ, 67 ഏക്കർ വരുന്ന തെള്ളകം പാടശേഖരങ്ങളിലാണ് വിളനാശം സംഭവിച്ചത്.

കൃഷിനാശം നേരിട്ട ഏറ്റുമാനൂരിലെ വിവിധ പാടശേഖരങ്ങൾ മന്ത്രി വി.എൻ. വാസവൻ സന്ദർശിച്ചു. കൃഷി നാശം നേരിട്ട കർഷകർക്ക് സഹായവും നഷ്ടപരിഹാരവും യുദ്ധകാലാടിസ്ഥാനത്തിൽ നൽകുന്നതിന് നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയിൽ വേനൽ മഴയിൽ വെള്ളക്കെട്ടുണ്ടായി കൃഷി നശിക്കുന്നത് ഒഴിവാക്കാനുള്ള നടപടിയും സ്വീകരിക്കും. കൃഷിനാശം സംബന്ധിച്ച് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രിയുമായി സംസാരിച്ചുവെന്നും വിഷയം മന്ത്രിസഭയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും വാസവൻ പറഞ്ഞു.

നാശനഷ്ടമടക്കമുള്ളവ തിട്ടപ്പെടുത്താൻ പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് നിർദ്ദേശം നൽകി. നാശനഷ്ടങ്ങളുടെ റിപ്പോർട്ട് അടിയന്തരമായി സർക്കാരിന് സമർപ്പിക്കാൻ ജില്ലാ കളക്ടറോട് നിർദ്ദേശിച്ചു. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന് തുക അനുവദിച്ച് ഏറ്റുമാനൂർ-ചെറുവാണ്ടൂർ പാടശേഖരത്തിന്റെ പുറംബണ്ട് ബലപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും. ചാലുകളുടെ ആഴം വർധിപ്പിച്ച് വെള്ളമൊഴുക്ക് സുഗമമാക്കാനുള്ള നടപടികളും സ്വീകരിക്കും. ഇതിനാവശ്യമായ എസ്റ്റിമേറ്റ് എടുക്കാൻ കൃഷി വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പാടശേഖരസമിതി ഭാരവാഹികളുമായും കർഷകരുമായും ജനപ്രതിനിധികളുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. ബണ്ടു താൽക്കാലികമായി ബലപ്പെടുത്താനും നീരൊഴുക്ക് സുഗമമാക്കാനുമുള്ള നടപടികൾ പാടശേഖരത്ത് ആരംഭിച്ചിട്ടുണ്ട്. 
ഏറ്റുമാനൂർ നഗരസഭാംഗങ്ങളായ ഇ.എസ്. ബിജു, ഡോ. എസ്. ബീന, ജേക്കബ് പി. മാണി, എം.കെ. സോമൻ, സിന്ധു കറുത്തേടത്ത്, ബിനോയ് കെ. ചെറിയാൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബീന ജോർജ്ജ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ പ്രീത പോൾ, കൃഷി ഓഫീസർ ഷിജി മാത്യു എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K