02 April, 2022 09:16:27 PM
കട കുത്തിതുറന്ന് പേർഷ്യൻ പൂച്ചകളെ മോഷ്ടിച്ച യുവാവ് പാലായില്‍ പിടിയിൽ
പാലാ: പാലാ പച്ചാത്തോട് പെറ്റ്സ് പാർക്ക് എന്ന സ്ഥാപനത്തിൽ നിന്നും പേർഷ്യൻ ക്യാറ്റ് ഇനത്തിൽപ്പെട്ട 27000 രൂപ വിലവരുന്ന 3 പൂച്ചകളെ മോഷ്ടിച്ച കേസില്‍ ഇടുക്കി കാർകൂന്തൽ സ്വദേശി കളത്തൂർ ലിജോ തങ്കച്ചനെ പാലാ എസ്.എച്ച്.ഒ. കെ പി തോംസൺ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസം മുപ്പതാം തീയതി രാത്രി 10.45 മണിക്ക് കടയ്ക്കുള്ളിൽ കയറി 3 പൂച്ചകളെ മോഷ്ടിച്ച് ധരിച്ചിരുന്ന മുണ്ടിനുള്ളിൽ ആക്കി പുറത്തു പോകുന്ന ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. തുടർന്ന് ഒരു മാസക്കാലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതി പ്രതി ഭാര്യയോടും കുട്ടികളോടുമൊപ്പം ഈ സ്ഥാപനത്തിൽ എത്തി ചെറിയ ഒരു പട്ടിക്കുട്ടിയെ നൽകി മറ്റൊരു പട്ടിയെ എക്സ്ചേഞ്ച് ചെയ്ത് എടുക്കുന്നതായി കാണപ്പെട്ടു. തുടർന്ന് നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു.
എസ്.ഐ. അഭിലാഷ് എം. ടി, എ.എസ്.ഐ ബിജു കെ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ, സിപിഒ രഞ്ജിത്ത് സി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. മോഷണം പോയ മൂന്ന് പൂച്ചകളെയും പ്രതി ജോലി ചെയ്തിരുന്ന ഈരാറ്റുപേട്ടയിൽ ഉള്ള ഫാം ഹൗസിൽ നിന്നും കണ്ടെത്തി. ഇയാള്‍ മണിമല പോലീസ് സ്റ്റേഷനില്‍ വധശ്രമം, പോക്സോ കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്.