30 March, 2022 12:39:59 PM
ഏറ്റുമാനൂരിലെ അക്ഷയ സെന്‍റര്‍ മാറ്റാന്‍ നീക്കം; എതിര്‍പ്പുമായി നഗരസഭാ കൌണ്‍സിലര്‍മാര്‍
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭാ മന്ദിരത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന അക്ഷയ സെന്‍റര്‍ അവിടെ നിന്നും മാറ്റി സ്ഥാപിക്കാനുള്ള ഗൂഢനീക്കവുമായി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഒരു വിഭാഗം. സംഭവം പുറത്തായതോടെ ജനോപകാരപ്രദമായ ഈ സ്ഥാപനം ഇവിടെനിന്നും മാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി മറ്റൊരു വിഭാഗം കൌണ്‍സിലര്‍മാരും രംഗത്തെത്തി. എന്നാല്‍ ഇങ്ങനെയൊരു നീക്കം നഗരസഭയുടെ അറിവോടെയല്ലെന്നും കൌണ്‍സിലില്‍ പോലും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും നഗരസഭാ ചെയര്‍പേഴ്സണ്‍ ലൌലി ജോര്‍ജ് പറയുന്നു.
ഇന്ന് രാവിലെ സെക്രട്ടറിയുടെ ഭാഗത്തുനിന്നും ഇത്തരമൊരു സംസാരം ഉണ്ടായതിനെതുടര്‍ന്ന് ഒരു കൌണ്‍സിലര്‍ പ്രതിഷേധവുമായി ചെയര്‍പേഴ്സന്‍റെ അടുത്ത് എത്തിയിരുന്നു. എന്നാല്‍ ഇത്തരം തീരുമാനങ്ങളൊന്നും നമ്മള്‍ എടുത്തിട്ടില്ലല്ലോ എന്നായിരുന്നു ചെയര്‍പേഴ്സണ്‍ പ്രതികരിച്ചത്. അതേസമയം കൌണ്‍സിലര്‍മാരില്‍ ചിലരുടെ വ്യക്തിതാല്‍പര്യം കൂടി ഇതിനു പിന്നിലുണ്ടെന്നാണ് സൂചനകള്‍. നഗരസഭയില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന പൊതുജനങ്ങള്‍ക്ക് കാത്തുനില്‍ക്കാനും കൂടുതലായി എത്തിയ ജിവനക്കാര്‍ക്ക് ഇരിപ്പിടം തയ്യാറാക്കാന്‍ സ്ഥലമില്ലാത്തതുമാണ് അക്ഷയ കേന്ദ്രം മാറ്റാൻ കാരണമായി ഇവര്‍ ചൂണ്ടികാട്ടുന്നത്.
അക്ഷയകേന്ദ്രം ഇവിടെ പ്രവര്‍ത്തനമാരംഭിച്ചതോടെ പൊതുജനങ്ങള്‍ക്ക് നഗരസഭയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ക്ക് ടൌണില്‍ അലയേണ്ടിവരുന്നില്ല. അക്ഷയ കേന്ദ്രങ്ങള്‍ക്ക് വാടക ആവശ്യമില്ലെങ്കിലും നഗരസഭയ്ക്ക് കൃത്യമായി വാടക നല്‍കിയാണ് ഇവിടെ തുടരുന്നതെന്ന് ഉടമ പറയുന്നു. മാത്രമല്ല, തൊഴില്‍നികുതി ഉള്‍പ്പെടെ നഗരസഭയില്‍ അടയ്ക്കേണ്ട എല്ലാ ഫീസുകളും കൃത്യമായി അടയ്ക്കുകയും ചെയ്യുന്നുണ്ട്. ഏറ്റുമാനൂരിലെ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഇവിടെനിന്നും മാറ്റാന്‍ അനുവദിക്കില്ലെന്നും ഇതിനെതിരെ കൌണ്‍സിലില്‍ ശബ്ദിക്കുമെന്നും പ്രതിപക്ഷനേതാവ് ഈ.എസ്.ബിജു പറഞ്ഞു.