27 March, 2022 07:09:51 PM


കടകള്‍ ഗാര്‍ഹികകെട്ടിടങ്ങളാക്കി: വ്യാപാരികള്‍ക്ക് ഇരുട്ടടിയുമായി ഏറ്റുമാനൂര്‍ നഗരസഭ



ഏറ്റുമാനൂര്‍: ദശാബ്ദങ്ങളായി കച്ചവടം നടത്തിവരുന്ന കെട്ടിടത്തില്‍ ഇനി സ്ഥാപനത്തിന് ലൈസന്‍സ് നല്‍കാനാവില്ലെന്ന് നഗരസഭ. വാണിജ്യാവശ്യത്തിനാവശ്യത്തിനായി പണിത് നമ്പരിട്ട കെട്ടിടങ്ങള്‍ പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ ഗാര്‍ഹിക കെട്ടിടങ്ങളാക്കി മാറ്റി വ്യാപാരികള്‍ക്ക് എട്ടിന്‍റെ പണി കൊടുത്തിരിക്കുകയാണ് ഏറ്റുമാനൂര്‍ നഗരസഭ. ഇത്തരം കെട്ടിടങ്ങളില്‍ കച്ചവടം അനുവദിക്കാനാവില്ലെന്ന നിലപാട് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതോടെ ഈ വര്‍ഷം വ്യാപാര ലൈസന്‍സ് പുതുക്കാനാകാതെ വിഷമിക്കുകയാണ് ഏറ്റുമാനൂര്‍ നഗരത്തിലെ ഒരു വിഭാഗം വ്യാപാരികള്‍.


ഉടമ പോലുമറിയാതെ "താമസയോഗ്യമാക്കി" നഗരസഭ മറ്റിയെടുത്ത കെട്ടിടങ്ങളില്‍ വാടകകെട്ടിടങ്ങളും വ്യാപാരികളുടെ സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളും ഉള്‍പ്പെടുന്നു. വാണിജ്യാവശ്യത്തിനാവശ്യത്തിനുപയോഗിച്ചുകൊണ്ടിരുന്ന ഈ കെട്ടിടങ്ങള്‍  ഒരു വര്‍ഷത്തിനിടയില്‍ നഗരസഭാ രേഖകളില്‍ താമസിക്കാനുള്ള കെട്ടിടങ്ങളായി മാറിയ 'മാജിക്കി'ല്‍ അത്ഭുതപ്പെട്ടിരിക്കുകയാണ് വ്യാപാരികളും കെട്ടിടമുടമകളും.


പല കെട്ടിടങ്ങളുടെയും നമ്പരുകള്‍ മാറുകയും നഗരസഭാ രേഖകളില്‍നിന്ന് അപ്രത്യക്ഷമാകുകയും ചെയ്തിട്ടുണ്ട്. ചില കെട്ടിടങ്ങളുടെ ഉടമ തന്നെ മാറി. ഒരേ നമ്പരില്‍ ഒന്നിലധികം കെട്ടിടങ്ങളുമുണ്ട്. സ്ഥാപനം പ്രവര്‍ത്തിക്കുന്നിടത്ത് കെട്ടിടമില്ലെന്നും പറമ്പ് മാത്രമാണുള്ളതെന്നുമുള്ള മറുപടിയാണ് ചില വ്യാപാരികള്‍ക്ക് ലഭിച്ചത്. ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് നഗരസഭ ആയി മാറിയ ശേഷം രേഖകള്‍ കൃത്യമായി തയ്യാറാക്കി സൂക്ഷിക്കുന്നതിന് എടുത്ത കാലതാമസവും ഫയലുകല്‍ ഉല്‍പ്പെടെ കാണാതായ സംഭവങ്ങളും ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമായി.  


ഇതുപോലെ പല കാരണങ്ങള്‍ പറഞ്ഞ് ലൈസന്‍സ് പുതുക്കി നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാതെ വ്യാപാരികളെ ബുദ്ധിമുട്ടിക്കുകയാണെന്ന് പരക്കെ പരാതി ഉയര്‍ന്നു. കെട്ടിടം ഉടമയുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പേരിലും തടസ്സം പറയുന്നു. ലൈസന്‍സ് പുതുക്കുന്നതിന് വാടകക്കാരായ വ്യാപാരി വ്യവസായികളോട് ഇത്തരം കാര്യങ്ങള്‍ ഉന്നയിക്കേണ്ടതില്ലെന്നുള്ള ഹൈക്കോടതിയുടെയും സര്‍ക്കാരിന്‍റെയും നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഉദ്യോഗസ്ഥരുടെ പെരുമാറ്റമെന്ന് ഏറ്റുമാനൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് എന്‍.പി.തോമസ് ചൂണ്ടികാട്ടി.


തൊവില്‍നികുതി ഈടാക്കുന്നത് അറ്റാദായത്തിന് പകരം മൊത്തം വില്‍പ്പനയുടെ അടിസ്ഥാനത്തിലാണെന്നും പരാതിയുണ്ട്. നികുതിദായകന്‍റെ അഭിപ്രായങ്ങളും വാദങ്ങളും കേള്‍ക്കാതെയാണ് കെട്ടിടനികുതിയില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുള്ളത്. വര്‍ദ്ധനവിന് അനധികൃതമായി മുന്‍കാലപ്രാബല്യം വരുത്തിരിക്കുകയും ചെയ്തിരിക്കുന്നു. ലൈസന്‍സ് പുതുക്കുന്നതിന് സമര്‍പ്പിക്കുന്ന അപേക്ഷകള്‍ കെട്ടിടനികുതിയും മറ്റും അടച്ച് ക്രമവല്‍ക്കരിച്ച ശേഷമേ കൈപ്പറ്റൂ എന്ന നിലപാടാണ് ഉദ്യോഗസ്ഥരുടേത്.


കൃത്യസമയത്ത് ലൈസന്‍സ് പുതുക്കാനാവാതെ വരുന്ന വ്യാപാരകള്‍ പിഴയും പിഴപലിശയും അടയ്ക്കേണ്ടിയും വരുന്ന സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. അപേക്ഷകളും പരാതികളും സ്വീകരിക്കുകയും ന്യൂനതകള്‍ രേഖാമൂലം അറിയിക്കുകയും ചെയ്യുന്നതിനു പകരം അപേക്ഷ കൈപ്പറ്റാതിരിക്കുന്നത് സുതാര്യത നഷ്ടപ്പെടുത്തുന്നുവെന്ന് പ്രസിഡന്‍റ് നഗരസഭാ ചെയര്‍പേഴ്സണ് നല്‍കിയ കത്തില്‍ പറയുന്നു. നഗരസഭാ ഉദ്യോഗസ്ഥരുടെ നടപടികള്‍ക്കുമുന്നില്‍ ധര്‍മ്മസങ്കടത്തിലായ വ്യാപാരികള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചുകൊണ്ടുതന്നെ അപേക്ഷകള്‍  രജിസ്ട്രേഡ് തപാലില്‍  അയച്ചുതുടങ്ങിയിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K