27 March, 2022 10:13:55 AM
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്ന് 30 വര്‍ഷം; നിയമപോരാട്ടത്തില്‍ ചരിത്രം കുറിച്ച കേസ്
കോട്ടയം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് മുപ്പതുവര്‍ഷം. 1992 മാര്‍ച്ച് 27ന് രാവിലെയാണ് സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെൻത് കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം ആത്മഹത്യയാക്കാന്‍ ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും പരിശ്രമിച്ചു. കേസ് ഏറ്റെടുത്ത സിബിഐ അഭയയുടേത് കൊലപാതകമാണെന്ന് കണ്ടെത്തി. എന്നാല്‍ പ്രതികളെ പിടികൂടാന്‍ കഴിയുന്നില്ലെന്ന് കാണിച്ച് കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി കോടതിയെ സമീപിച്ചു. ഒന്നല്ല, മൂന്നുതവണയാണ് കോടതിക്ക് സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്. മൂന്നുതവണയും കോടതി റിപ്പോര്‍ട്ട് തള്ളുകയും അന്വേഷണം തുടരാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
നിര്‍ണായക തെളിവുകളെല്ലാം പൊലീസ് നശിപ്പിച്ചുവെന്നായിരുന്നു സിബിഐ റിപ്പോര്‍ട്ട്. നൂതന മാര്‍ഗങ്ങള്‍ തേടാന്‍ കോടതിയും നിര്‍ദേശിച്ചു. അങ്ങനെയാണ് പ്രതികളെ നാര്‍കോ അനാലിസിസിന് വിധേയരാക്കുന്നത്. 2019 ഓഗസ്റ്റ് 26 നാണ് തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ അഭയ കേസിന്‍റെ വിചാരണ ആരംഭിച്ചത്. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഫാ.തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം തടവും പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ നിയമ പോരാട്ട ചരിത്രത്തിലെ അപൂര്‍വമായ കേസില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. കേസില്‍ ആക്ഷന്‍കമ്മിറ്റിയും മാധ്യമങ്ങളും നടത്തിയ ഇടപെടലാണ് നീതി ലഭ്യമാകാന്‍ കാരണമായത്.