24 March, 2022 09:21:41 PM
പാലാ കെ.എസ്.ആര്‍.ടി.സി കെട്ടിട സമുച്ചയം ഏപ്രില്‍ 1ന് നാടിന് സമര്‍പ്പിക്കും
പാലാ: നിര്‍മ്മാണം പൂര്‍ത്തീകരിച്ച പാലാ കെ.എസ്.ആര്‍.ടി.സി കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ 1 ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു നിര്‍വ്വഹിക്കും. അന്തരിച്ച മുൻ മന്ത്രിയും, എംഎൽഎയുമായ കെ.എം മാണിയുടെ 2014-15 വര്‍ഷത്തെ ആസ്തി വികസനഫണ്ടില്‍ നിന്നും അനുവദിച്ച 5 കോടി രൂപ വിനിയോഗിച്ചാണ് രണ്ട് നിലകളിലായി കെട്ടിട സമുച്ചയം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
കെ.എം മാണി ധനകാര്യമന്ത്രി ആയിരിക്കെ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിന് 20 കോടി രൂപയ്ക്കുള്ള പദ്ധതിയാണ് തയ്യാറാക്കിയിരുന്നത്. രണ്ട് ഘട്ടങ്ങളിലായി വിഭാവനം ചെയ്തിരുന്ന പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്.
താഴത്തെ നിലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 20 മുറികള്‍ ഉദ്ഘാടന ശേഷം ലേലം ചെയ്ത് നല്‍കും. മുറികള്‍ ലേലം കൊള്ളുന്നതിന് നിരവധി അന്വേഷണങ്ങള്‍ വരുന്നതായി കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറഞ്ഞു.
സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കുമായി ടോയിലറ്റ് കോംപ്ലക്‌സുകള്‍ താഴത്തെ നിലയില്‍ ക്രമീകരിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി പ്രത്യേക പേ ആന്റ് പാര്‍ക്ക് സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്. മുകള്‍ നിലയിലേക്ക് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് മാറ്റി സ്ഥാപിച്ച് ബാക്കി ഭാഗം ലേലം ചെയ്ത് നല്‍കുന്നതിനുളള പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. കെ.എസ്.ആര്‍.ടി.സി.യുടെ തനത് ഫണ്ടില്‍ നിന്നും ഇലക്ട്രിക് വര്‍ക്ക്, ഗ്രൗണ്ട് ഫ്‌ളോര്‍ വര്‍ക്ക്, യാര്‍ഡ് നിര്‍മ്മാണം എന്നിവയ്ക്കായി 40.86 ലക്ഷം രൂപ മന്ത്രി ആൻ്റണി രാജു അധികമായി അനുവദിക്കുകയും പാലാ ഡിപ്പോക്കായി ഒരു ഷോപ്പ് ഇന്‍ വീല്‍ അനുവദിക്കുകയും ചെയ്തു.
മൂന്നാര്‍, മലക്കപ്പാറ തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഉള്‍പ്പടെ നിരവധി ദീര്‍ഘദൂര സര്‍വ്വീസുകള്‍ നിലവില്‍ പാലാ ഡിപ്പോയില്‍ നിന്നുമുണ്ട്. കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടുകൂടി പാലാ ഡിപ്പോയുടെ മുഖഛായ തന്നെ മാറും. എപ്രില്‍ ഒന്നിന് ഉച്ചകഴിഞ്ഞ് 2.30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷിനേതാക്കള്‍, കെ.എസ്.ആര്‍.ടി ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.