24 March, 2022 07:07:44 PM
ഏറ്റുമാനൂര്‍ ക്ഷേത്രം: വിജിലന്‍സ് റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ ശരിയാവണമെന്നില്ല - ദേവസ്വം പ്രസിഡന്‍റ്
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ക്രമക്കേടുകള്‍ ചൂണ്ടികാണിച്ച് ദേവസ്വം വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ വിശദമായ അന്വേഷണം നടത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.കെ. അനന്തഗോപന്‍. വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളെല്ലാം ശരിയാണെന്ന് പറയാനാവില്ലെന്നും അതുകൊണ്ടുതന്നെ ദേവസ്വം ബോര്‍ഡ് വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം 'കൈരളി വാര്‍ത്ത'യോട് പറഞ്ഞു.
മാലയിലെ മുത്തുകള്‍ കാണാതായ സംഭവത്തില്‍ മേല്‍ശാന്തിയെ നേരത്തെ തന്നെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇദ്ദേഹത്തിനെതിരെ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിട്ടുണ്ട്. വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്ന അഗ്നിബാധ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ ഉപദേശകസമിതി അംഗങ്ങള്‍ ഉല്‍പ്പെടെ ഉത്തരവാദികളായിട്ടുള്ളവരുടെ പേരില്‍ വകുപ്പ്തല അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പ്രസിഡന്‍റ് പറഞ്ഞു.
ക്ഷേത്രത്തിലെ ഉപദേശകസമിതി പ്രവര്‍ത്തിക്കുന്നത് ദേവസ്വം ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ്. രണ്ട് വര്‍ഷമാണ് സമിതിയുടെ കാലാവധി എങ്കിലും ഹൈക്കോടതിയില്‍നിന്നും വാങ്ങുന്ന ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ഇവര്‍ പതിനൊന്ന് വര്‍ഷമായി തുടരുകയാണ്. പക്ഷെ ക്ഷേത്രത്തിന് വേണ്ടി കാര്യമായി ഒന്നും തന്നെ ഇവര്‍ ചെയ്തിട്ടില്ല. സമിതി പിരിച്ചുവിടാന്‍ ആവശ്യപ്പെട്ട് നല്‍കിയ സ്വകാര്യപരാതികള്‍ കോടതിയുടെ പരിഗണനയിലാണ്. ഈ ഉപദേശകസമിതി തുടരുന്നതില്‍ ബോര്‍ഡിന് താല്‍പര്യമില്ലെന്ന വിവരം അറിയിച്ചിട്ടുണ്ടെന്നും പ്രസിഡന്‍റ് പറഞ്ഞു.