21 March, 2022 12:28:45 PM
കെ-റെയിൽ: കോട്ടയത്ത് കല്ല് കൊണ്ട് വന്ന വാഹനത്തിന് മുകളിൽ കയറി പ്രതിഷേധം
കോട്ടയം: സംസ്ഥാനത്ത് കെ റെയിൽ വിരുദ്ധ സമരം ശക്തമാകുന്നു. കോഴിക്കോട്, കോട്ടയം, ചോറ്റാനിക്കര, കണ്ണൂര്‍, കൊല്ലം എന്നിവിടങ്ങളിലെല്ലാം പ്രതിഷേധം ശക്തമായി. കോട്ടയത്ത് കെ റെയിൽ കല്ല് കൊണ്ട് വന്ന വാഹനത്തിന് മുകളിൽ കയറി നിന്ന് കോൺഗ്രസ് പ്രവർത്തകരും സമരക്കാരും പ്രതിഷേധിച്ചു. കോട്ടയം പെരുമ്പായിക്കാട് വില്ലേജിലെ കുഴിയാലിപ്പടിയിൽ കെ.റെയിൽ ഉദ്യോഗസ്ഥസംഘം സർവേയ്ക്കായി എത്തിയതിനെ തുടർന്ന് കോട്ടയം നട്ടാശേരി കുഴിയാലിപ്പടിയിൽ സംഘർഷാവസ്ഥ ഉടലെടുത്തു.
ഇവിടെ എൺപതോളം വീടുകളെ കെ.റെയിൽ ബാധിക്കുമെന്നാണ് ലഭിക്കുന്ന വിവരം. നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി തടിച്ചു കൂടിയത്. കോട്ടയം നഗരസഭയിലെ 4 വാർഡിലൂടെയാണ് ഈ സർവേ നടക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ്, യുഡിഎഫ് ചെയർമാൻ സജി മഞ്ഞക്കടമ്പൻ, കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ്, നഗരസഭ അംഗം സാബു മാത്യു എന്നിവര്‍ മുന്‍നിരയലുണ്ടായിരുന്നു. ശക്തമായ പൊലീസ് സന്നാഹമാണ് സ്ഥലത്തുണ്ടായിരുന്നത്. പൊലീസ് പിൻവാങ്ങും വരെ സമരമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. അതേസമയം, പൊലീസ് സംയമനം പാലിച്ചു.