15 March, 2022 05:17:51 PM


12 മുതൽ 14 വരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ നാളെ ആരംഭിക്കും



കോട്ടയം: ജില്ലയിൽ 12 മുതൽ 14 വരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ നാളെ ആരംഭിക്കും. ജില്ലാതല ഉദ്ഘാടനം രാവിലെ 9:30 ന്  കോട്ടയം ജനറൽ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല  ജിമ്മി നിർവഹിക്കും. ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ അധ്യക്ഷത വഹിക്കും.

2008, 2009, 2010  വർഷങ്ങളിൽ ജനിച്ചവർക്കാണ് വാക്‌സിനേഷന് അർഹതയുള്ളത്.   വാക്‌സിൻ സ്വീകരിക്കുന്ന ദിവസം 12 വയസ് പൂർത്തിയായിരിക്കണം.   www.cowin.gov.in  എന്ന പോർട്ടലിൽ മാതാപിതാക്കളുടെയോ മറ്റുള്ളവരുടെയോ ഫോൺ നമ്പർ ഉപയോഗിച്ച്  രജിസ്റ്റർ ചെയ്ത്, ആധാർ കാർഡുമായി  വാക്‌സിൻഷൻ കേന്ദ്രത്തിൽ എത്തണം.

ഹൈദരാബാദ് കേന്ദ്രമായ ബയോളോജിക്കൽ ഇ ലിമിറ്റഡ് എന്ന കമ്പനി ഉത്പാദിപ്പിക്കുന്ന കോർബിവാക്‌സ് എന്ന വാക്‌സിൻ ആണ് നൽകുക.  നാല്  മുതൽ ആറ്  ആഴ്ചക്കിടയിൽ രണ്ടാം ഡോസ് സ്വീകരിക്കണം.

60 വയസിനുമുകളിലുള്ള എല്ലാവർക്കും കരുതൽ വാക്‌സിൻ 

രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ച 60 വയസിനു മുകളിലുള്ള എല്ലാവർക്കും കരുതൽ വാക്‌സിൻ നൽകാൻ അനുമതി ലഭിച്ചതായി ജില്ലാ കളക്ടർ ഡോ  പി കെ ജയശ്രീ അറിയിച്ചു. രണ്ടാം ഡോസ് സ്വീകരിച്ച് 9 മാസം പിന്നിടുന്ന മുറയ്‌ക്കാണ്‌ കരുതൽ വാക്‌സിൻ എടുക്കേണ്ടത്.   60 വയസു പിന്നിട്ടവരിൽ  ഇതര രോഗങ്ങൾ ഉള്ളവർക്ക് മാത്രമാണ് മുൻപ് കരുതൽ വാക്‌സിൻ നൽകിയിരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K