14 March, 2022 03:41:52 PM


പോക്‌സോ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു: കോട്ടയം ഡിസിആര്‍ബി ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍



കോട്ടയം: പോക്‌സോ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കോട്ടയം ഡിസിആര്‍ബി ഡിവൈഎസ്പി ഇ.പി. റജിയെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. മണിമല സിഐ ആയിരിക്കെ 2016 നവംബറില്‍ എരുമേലി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡിഎന്‍എ അടക്കമുള്ള തെളിവുകള്‍ ശേഖരിക്കാതെ കേസന്വേഷണം തിടുക്കത്തില്‍ പൂര്‍ത്തിയാക്കിയതിനാണ് നടപടി.

നവംബര്‍ 11ന് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം സിഐ ആയിരുന്ന റജി ഏറ്റെടുത്തത് 13ന്. 14ന് തന്നെ കുട്ടിയുടെ അമ്മാവനെ അറസ്റ്റ് ചെയ്തു. ഇരുപത് ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി നവംബര്‍ 30ന് റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കി. പരാതി ലഭിക്കുമ്പോള്‍ പെണ്‍കുട്ടി എട്ട് മാസം ഗര്‍ഭിണിയായിരുന്നു. ഡിസംബര്‍ അഞ്ചിന് കുട്ടി പ്രസവിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെയും കുട്ടിയുടെയും രക്തസാമ്പിള്‍ പരിശോധിക്കാനോ ഡിഎന്‍എ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കാനോ റജി തയ്യാറായില്ലെന്നാണ് ആരോപണം.  

പോലീസിന്റെ ഈ പ്രവൃത്തി പ്രതിയെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനുമാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. മാത്രമല്ല കേസിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇതേതുടര്‍ന്നുള്ള അന്വേഷണത്തിലാണ് റജിയ്‌ക്കെതിരെ നടപടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K