11 March, 2022 06:10:34 PM
മാന്നാനം ചാവറ സാംസ്‌കാരിക ഗവേഷണ കേന്ദ്രത്തിന് സംസ്ഥാന ബജറ്റില്‍ ഒരു കോടി രൂപ
ഏറ്റുമാനൂര്‍: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ സ്മരണാര്‍ത്ഥം മാന്നാനത്ത് നിര്‍മ്മിക്കുന്ന ചാവറ സാംസ്‌കാരിക ഗവേഷണ കേന്ദ്രത്തിന് സംസ്ഥാന ബജറ്റില്‍ 1 കോടി രൂപ വകയിരുത്തി. മാന്നാനത്ത് മ്യൂസിയം നിര്‍മ്മിക്കുന്നതിന് കഴിഞ്ഞ ആഴ്ചയില്‍ നടന്ന പ്രത്യക മന്ത്രിസഭായോഗം ഒരു കോടി രൂപ അനുവദിച്ചിരുന്നു. ഇതുകൂടാതെ സ്ഥലം എംഎല്‍എയും മന്ത്രിയുമായ വി.എന്‍.വാസവന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ഡിപിആര്‍ തയ്യാറാക്കുന്നതിനു 10 ലക്ഷം രൂപയും അനുവദിച്ചിരുന്നു.
ചാവറയച്ചനുമായി ബന്ധപ്പെട്ട ചരിത്രസ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിനും അദ്ദേഹത്തിന്റെ ജീവിതം വരുംതലമുറയ്ക്ക് പ്രചോദനമാകുന്ന രീതിയില്‍ പഠിക്കുന്നതിനും ഉപകരിക്കുന്ന രീതിയിലാണ് മ്യൂസിയം വിഭാവനം ചെയ്യുന്നത്. നിലവില്‍ സെന്റ് ജോസഫ്‌സ് പ്രസ് സ്ഥിതി ചെയ്യുന്ന പഴയ മന്ദിരം പഴമയും പ്രൗഡിയും നഷ്ടപ്പെടാതെ തന്നെ നവീകരിച്ച് മ്യൂസിയമായി മാറ്റും. സിഎംസി, സിഎംസി സഭകളുടെ കൈവശമുള്ള ചരിത്രരേഖകള്‍ ഈ മ്യൂസിയത്തിലേക്കു മാറ്റും. ചാവറയച്ചന്റെ മുടി, ചാവറയച്ചന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ തുടങ്ങിയവ ഇപ്പോള്‍ മാന്നാനം ആശ്രമം ദേവാലയത്തോടുചേര്‍ന്നുള്ള മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ചാവറയച്ചന്‍ താമസിച്ചിരുന്ന മുറി, അദ്ദേഹത്തിന്റെ കട്ടില്‍, കസേര, വള്ളം, വില്ലുവണ്ടി എന്നിവയും ഇവിടെയുണ്ട്.
1831ല്‍ ചാവറ പിതാവും സഹവൈദികരും ചേര്‍ന്ന് രൂപം നല്‍കിയ സന്യാസസഭയാണ് കാര്‍മ്മലൈറ്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (സിഎംഐ). 1846ല്‍ മാന്നാനത്ത് സ്ഥാപിച്ച സംസ്‌കൃതകളരിക്കു പുറമെ 'എല്ലാ പള്ളികളോടുമൊപ്പം പള്ളിക്കൂടം' എന്ന കല്‍പ്പനയിലൂടെ വിദ്യാഭ്യാസരംഗത്ത് വിപ്ലവാത്മകമായ മാറ്റം സൃഷ്ടിച്ചു അദ്ദേഹം. കുട്ടികള്‍ക്ക് ഉച്ചഭക്ഷണസമ്പ്രദായം, കൈനകരിയില്‍ അനാഥര്‍ക്കായി സ്ഥാപിച്ച ഉപവിശാല എന്നിങ്ങനെ നീളുന്നു ചാവറയച്ചന്റെ സാമൂഹിക-സേവന പ്രവര്‍ത്തനങ്ങള്‍. 1846ല്‍ മാന്നാനത്ത് ചാവറപിതാവ് സ്ഥാപിച്ച അച്ചുകൂടമാണ് സെന്റ് ജോസഫ്‌സ് പ്രസ് ആയിമാറിയത്. ഈ പ്രസ് സ്ഥിതിചെയ്യുന്ന കെട്ടിടമാണ് സാംസ്‌കാരിക ഗവേഷണ കേന്ദ്രമായി പരിണമിക്കുന്നത്.
ചാവറ പിതാവിന്‍റെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ സംസ്ഥാന ബജറ്റിലൂടെ അംഗീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി ബാലഗോപാല്‍, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, സഹകരണവകുപ്പ് മന്ത്രിയും സ്ഥലം എംഎല്‍എയുമായ വി.എന്‍ വാസവന്‍ എന്നിവര്‍ക്ക് സിഎംഐ സഭ പ്രിയോര്‍ ജനറല്‍ ഡോ.തോമസ് ചാത്തംപറമ്പില്‍ നന്ദി അറിയിച്ചു. വികാര്‍ ജനറല്‍ ഫാ.ജോസി താമരശ്ശേരി, തിരുവനന്തപുരം പ്രൊവിന്‍ഷ്യല്‍ ഫാ.സെബാസ്റ്റ്യന്‍ ചാമത്തറ, മാന്നാനം ആശ്രമം പ്രിയോര്‍ ഫാ.മാത്യൂസ് ചക്കാലയ്ക്കല്‍, കെ.ഈ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ ജെയിംസ് മുല്ലശ്ശേരി തുടങ്ങിയവരുെട നേതൃത്വത്തിലാണ് ചാവറ മ്യൂസിയം നിര്‍മ്മാണം നടക്കുന്നത്.