08 March, 2022 04:18:34 PM
കോട്ടയം നഗര മധ്യത്തിൽ മൊബൈൽ ഷോപ്പിൽ ഫോൺ ബാറ്ററി പൊട്ടിത്തെറിച്ചു

കോട്ടയം: നഗര മധ്യത്തിൽ കോഴിച്ചന്ത റോഡിലെ മൊബൈൽ ഷോപ്പിൽ ഫോൺ ബാറ്ററി പൊട്ടിത്തെറിച്ചു. അറ്റകുറ്റപണികൾക്കായി എത്തിച്ച മൊബൈൽ ഫോണിന്‍റെ ബാറ്ററിയാണ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. കടയിലുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളായ ഇടപാടുകാരും, ജീവനക്കാരും ഭാഗ്യം കൊണ്ടു മാത്രമാണ് അപകടത്തിൽ നിന്നും രക്ഷപെട്ടത്. കോഴിച്ചന്ത റോഡിൽ എസ്.എൻ മൊബൈൽ ഷോപ്പിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 നായിരുന്നു സംഭവം.
ആറോളം ഇതര സംസ്ഥാന തൊഴിലാളികൾ സ്ഥാപനത്തിൽ എത്തി ഇവരുടെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണിന്‍റെ ബാറ്ററിയ്ക്ക് ചാർജ് നിൽക്കുന്നില്ലന്ന് പരാതിപ്പെട്ടു. ഇത് പരിശോധിക്കുന്നതിനായി സ്ഥാപനത്തിലെ ടെക്‌നീഷ്യൻ ബാറ്ററി ഊരി പുറത്ത് വച്ച് ഫോൺ പരിശോധിച്ചു. ഇതിനിടെ സ്ഥാപനത്തിൽ എത്തിയ ഇതര സംസ്ഥാന തൊഴിലാളികളിൽ ഒരാൾ ബാറ്ററിയുടെ വീർത്തു നിന്ന ഭാഗത്ത് അമർത്തി. ഇതോടെ വൻ ശബ്ദത്തോടെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടൊപ്പം തീയും പടർന്നു. സ്ഥാപനത്തിലെ ജീവനക്കാരന്‍റെ തലമുടിയിലേയ്ക്കു തീ പടർന്നു. ഇതോടെ ഷോപ്പിനുള്ളിലുണ്ടായിരുന്നവർ പുറത്തേയ്ക്ക് ചിതറിയോടി.






