03 March, 2022 06:07:27 PM
വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കോട്ടയം ജില്ലാ കളക്ടര്‍
കോട്ടയം: അക്ഷയ കേന്ദ്രങ്ങൾക്ക് സമാനമായ പേരുകളും കളര്‍ കോഡും ലോഗോയും ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. പി.കെ ജയശ്രീ അറിയിച്ചു. സേവനങ്ങൾക്കായി പൊതുജനങ്ങൾ നൽകുന്ന വ്യക്തിഗത വിവരങ്ങളും രേഖകളും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
ഡി. റ്റി. പി ജോലികള്‍, ഫോട്ടോസ്റ്റാറ്റ് എന്നീ സേവനങ്ങള്‍ നൽകാന്‍ ലൈസന്‍സ് വാങ്ങിയതിനുശേഷം ചില ഓണ്‍ലൈന്‍ കേന്ദ്രങ്ങൾ സ്വകാര്യ ഐഡി ഉപയോഗിച്ച് പൊതുജനങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ നൽകുന്നത് വ്യാപകമാകുന്നതായി അക്ഷയ സംരംഭകരുടെ പരാതികളും ലഭിച്ചിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കാൻ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും തഹസീൽദാർമാർക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
പുതിയ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കുമ്പോള്‍ ലൈസന്‍സില്‍ പരാമര്‍ശിച്ച സേവനങ്ങള്‍ മാത്രമാണോ നല്‍കുന്നതെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പരിശോധിക്കണം. അക്ഷയയ്ക്ക് സമാന്തരമായ പേര്, കളര്‍ കോഡ് എന്നിവ ഉപയോഗിക്കുന്നില്ലയെന്നും ഉറപ്പു വരുത്തണം. സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കാന്‍ അംഗീകാരം ഉണ്ടെന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കേന്ദ്രങ്ങളില്‍ ഇ-ഡിസ്ട്രിക്ട് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ ചെയ്യുന്നില്ലെന്ന് തഹസില്‍ദാര്‍മാര്‍ ഉറപ്പുവരുത്തണം
വ്യക്തിഗത വിവരങ്ങളുമായി അപേക്ഷിക്കാന്‍ പോകുന്ന കേന്ദ്രങ്ങള്‍ യഥാര്‍ത്ഥ അക്ഷയ കേന്ദ്രങ്ങളാണോയെന്ന് പൊതുജനങ്ങള്‍ ഉറപ്പു വരുത്തണം. സേവനങ്ങള്‍ക്ക് പഞ്ചായത്തിലെ നിലവിലെ കേന്ദ്രങ്ങള്‍ അപര്യാപ്തമാണെങ്കില്‍ പുതിയ അക്ഷയ കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റിക്ക് കത്ത് നല്‍കിയാല്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പുതിയ അക്ഷയ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതാണ്. അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിൽ അറിയിക്കാവുന്നതാണ് .ഫോൺ 0481-2574477 . ഇ - മെയിൽ adpoktm@gmail.com