28 February, 2022 04:17:01 PM
മലിനീകരണ നിയന്ത്രണ ബോർഡിലെ അഴിമതി: രണ്ടാം പ്രതിയെ വിജിലൻസ് ചോദ്യം ചെയ്തു
കോട്ടയം: മലിനീകരണ നിയന്ത്രണ ബോർഡിലെ അഴിമതിക്കേസിൽ രണ്ടാം പ്രതിയായ എഞ്ചിനിയർ ജോസ് മോനെ വിജിലൻസ് ചോദ്യം ചെയ്തു. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയ ശേഷമാണ് ജോസ്മോൻ കോട്ടയം വിജിലൻസിന് മുന്നിൽ ഹാജരായത്. പാലായിലെ വ്യവസായിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്ന പരാതിയിലാണ് ജോസ് മോനെതിരെ കേസെടുത്തത്. ഈ വ്യവസായിൽ നിന്ന് 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ എ.എം.ഹാരിസ് ആണ് കേസിൽ ഒന്നാംപ്രതി.
കോട്ടയത്തെ മലിനീകരണനിയന്ത്രണ ബോർഡ് ജില്ലാ ഓഫീസറായിരുന്നപ്പോഴാണ് ജോസ് മോൻ കൈക്കൂലി ചോദിച്ചത്. വിജിലൻസ് കേസ് എടുത്തിട്ടും ഇയാൾക്കെതിരെ മലിനീകരണ നിയന്ത്രണ ബോർഡ് നടപടി എടുക്കാത്തതും കോഴിക്കോട് നിയമനം നൽകിയതും വിവാദമായിരുന്നു. പിന്നീട് സസ്പെൻഡ് ചെയ്യുകയായിരുന്നു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ വിജിലൻസ് എറണാകുളം യൂണിറ്റിലും ജോസ് മോനെതിരെ കേസുണ്ട്.
ജോസ് മോന്‍റെ കൊല്ലം എഴുകോണിലെ വീട്ടിൽ വിജിലന്‍സ് നടത്തിയ റെയ്ഡിൽ പണം നിക്ഷേപത്തിന്റെയും കെട്ടിടങ്ങളുടേയും രേഖകൾ കണ്ടെടുത്തിരുന്നു. ഒന്നര കോടി രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും, കൊല്ലത്ത് നിർമ്മാണം നടക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന്‍റെ രേഖകളും വാഗമണ്ണിൽ നിർമ്മാണം നടക്കുന്ന റിസോർട്ട് രേഖകളുമാണ് കണ്ടെടുത്തത്.