14 February, 2022 03:31:47 PM
കുമാരനല്ലൂർ ബാങ്കിൽ നിന്നും സിപിഎം നേതാവായ കളക്ഷൻ ഏജന്റ് തട്ടിയത് ലക്ഷങ്ങൾ
കോട്ടയം: കുമാരനല്ലൂർ സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായ സിപിഎം നേതാവ് ഇടപാടുകാരെ തട്ടിച്ചു ലക്ഷങ്ങൾ അടിച്ചു മാറ്റിയെന്നു പരാതി ഉയർന്നതോടെ ബാങ്ക് ഇയാളെ പുറത്താക്കി. സിപിഎം ഏറ്റുമാനൂർ ഏരിയാ കമ്മിറ്റി അംഗമായ ഇയാൾ 10 വർഷക്കാലം കുമാരനല്ലൂർ ലോക്കൽ സെക്രട്ടറിയും ദീർഘകാലമായി ബാങ്കിൽ കളക്ഷൻ ഏജന്റായി ജോലി നോക്കി വരുന്നയാളുമാണ്. ഇതേ കുറ്റത്തിന് മുന്‍പും പല തവണ ഇയാൾ പിടിക്കപ്പെട്ടിട്ടുണ്ട്.
ഒരു നിക്ഷേപകൻ ആറു മാസം മുന്‍പ് എടുത്ത വായ്പയിൽ ബാക്കി തിരിച്ചടയ്ക്കാനുണ്ടായിരുന്ന 60,000 രൂപ ബാങ്കിന്റെ രസീത് വാങ്ങി നേതാവിന്റെ കൈയിൽ തിരിച്ചടവിനായി ഏല്പിച്ചിരുന്നു. ഇയാൾ ഈ തുക ബാങ്കിൽ അടയ്ക്കാതെ തട്ടിപ്പ് നടത്തുകയായിരുന്നു. ആറു മാസത്തിനുശേഷം നിക്ഷേപകൻ മറ്റൊരു ലോണിനായി ബാങ്കിനെ സമീപിച്ചപ്പോഴാണ് താൻ ബാങ്കിൽ അടയ്ക്കുവാൻ കളക്ഷൻ ഏജന്റിനെ ഏല്പിച്ച തുക ബാങ്കിൽ എത്തിയിട്ടില്ലെന്ന് അറിഞ്ഞത്.
ഗുരുതരമായ തട്ടിപ്പ് നടത്തിയ നേതാവിനെ സംരക്ഷിക്കുവാനാണ് ബാങ്ക് ഭരണസമിതി ശ്രമിക്കുന്നതെന്നും ആരോപണമുയര്‍ന്നു. താൻ അടച്ച 60,000 രൂപ തട്ടിയെടുത്ത നേതാവിനെതിരെ പോലീസ് കേസ് എടുത്തു അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും വലിയ ഒരു ലോണ്‍ അനുവദിച്ച് നിക്ഷേപകനെ വിഷയത്തിൽനിന്നു പിൻതിരിപ്പിക്കാനാണ് ബാങ്ക് ഭരണാധികാരികൾ ശ്രമിച്ചതെന്ന് ആക്ഷേപമുണ്ട്.
ഇയാൾ നടത്തിയിട്ടുള്ള തട്ടിപ്പുകളെപ്പറ്റി പലതവണ പാർട്ടിയിലും ബാങ്കിലും പ്രതിഷേധങ്ങൾ ഉയർന്നുവന്നിരുന്നെങ്കിലും എതിർപ്പുകൾ വകവെയ്ക്കാതെ പാർട്ടി നേതൃത്വം ഇയാളെ സംരക്ഷിച്ചു വരുകയായിരുന്നു എന്നും പരാതികൾ ഉയരുന്നുണ്ട്. പ്രതിഷേധം ശക്തമായതോടെ നേതാവിന്റെ കൈയ്യിൽ വായ്പാ തിരിച്ചടവ് തുക ഏല്പിച്ച മുഴുവൻ നിക്ഷേപകർക്കും ബാങ്കിൽ നേരിട്ടെത്തി തിരിച്ചടവ് തുക ഒത്തുനോക്കണമെന്നാവശ്യപ്പെട്ടു കത്തയച്ചിരുന്നു.
ബാങ്കിലെത്തിയ നിക്ഷേപകരുടെ അന്വേഷണത്തിൽ 25 ലക്ഷം രൂപ തട്ടിയെടുത്തതായി തെളിഞ്ഞു. തുടർന്ന് ഇയാളെ ബാങ്കിലെ ജോലിയിൽനിന്നു പുറത്താക്കുകയായിരുന്നു. സാന്പത്തിക തട്ടിപ്പിനെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം നിക്ഷേപകർ ഉൾപ്പെടെയുള്ള പ്രദേശവാസികളെയും സഹകാരികളെയും സംഘടിപ്പിച്ചു ജനകീയ സമരം നടത്തുമെന്നും നാട്ടുകാർ പറഞ്ഞു.
കളക്ഷൻ ഏജന്റിനെ പുറത്താക്കിയ സംഭവത്തിൽ ഇടപാടുകാർക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും ബാങ്കിന്റെ സാന്പത്തിക ഭദ്രതയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നും ബാങ്ക് പ്രസിഡന്റ് കെ.ആർ. ചന്ദ്രമോഹൻ മാധ്യമങ്ങളെ അറിയിച്ചു. ബാങ്കിന്റെ ഇടപാടുകൾ സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ല. ഏജന്റിന്റെ പ്രവർത്തനം വിലയിരുത്തിയ ശേഷം തത്കാലം മാറ്റി നിർത്തിയിരിക്കുകയായിരുന്നു. മൂന്നു പതിറ്റാണ്ടുകളായി ലാഭത്തിൽ പ്രവർത്തിക്കുന്ന ജില്ലയിലെ പ്രമുഖ സഹകരണ ബാങ്കാണെന്നും 170 കോടി രൂപയുടെ നിക്ഷേപം ബാങ്കിനുണ്ടെന്നും പ്രസിഡന്റ് കെ.ആർ. ചന്ദ്രമോഹൻ അറിയിച്ചു.