12 February, 2022 05:05:12 PM
ട്രയിനിന് മുകളില്‍ വൈദ്യുതികമ്പി പൊട്ടിവീണു; ഒഴിവായത് വന്‍ ദുരന്തം
Updated 6.35 pm
ഏറ്റുമാനൂര്‍: ഓടികൊണ്ടിരുന്ന ട്രയിനിന് മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണു. ഏറ്റുമാനൂരിനും കുറുപ്പന്തറയ്ക്കും ഇടയില്‍ കോതനല്ലൂര്‍ റയില്‍വേ ഗേറ്റിന് സമീപം ഇന്ന് വൈകിട്ട് നാല് മണി കഴിഞ്ഞാണ് സംഭവം. ട്രയിനിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്നതിന് പാളത്തിന് മുകളിലൂടെ സ്ഥാപിച്ചിരിക്കുന്ന കമ്പിയാണ് തിരുവനന്തപുരത്തുനിന്നും ന്യൂഡല്‍ഹിയ്ക്ക് പോകുകയായിരുന്ന കേരളാ എക്സ്പ്രസിന്‍റെ മുകളിലേക്ക് പൊട്ടിവീണത്.
എഞ്ചിനെ ട്രക്ഷൻ ലൈനുമായി ബന്ധിപ്പിക്കുന്ന പാൻഡോഗ്രാഫ് ആണ് വലിയ ശബ്ദത്തോടെ തകർന്ന് വീണത്. പൊട്ടിവീണ ഉടന്‍ വൈദ്യുതി പ്രവാഹം ഓട്ടോമാറ്റിക് ആയി നിലച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. റയില്‍വേ അധികൃതരും കടുത്തുരുത്തിയില്‍നിന്നും പോലീസും അഗ്നിസുരക്ഷാസേനയും സ്ഥലത്തെത്തി. സംഭവത്തെ തുടര്‍ന്ന് കോട്ടയം വഴിയുള്ള ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.
എറണാകുളത്തുനിന്നുമെത്തിച്ച ഡീസൽ എഞ്ചിൻ ഘടിപ്പിച്ചശേഷം 6.30 മണിയോടെ ട്രയിൻ മുന്നോട്ടെടുത്തു. പൊട്ടിവീണ കമ്പി പുനസ്ഥാപിക്കാൻ സമയം എടുക്കുമെന്നിരിക്കെ ഡീസൽ എഞ്ചിൻ ഘടിപ്പിച്ചാണ് മറ്റു ട്രൈനുകൾ ഇതുവഴി കടത്തിവിടുന്നത്. മഴ പെയ്‌തു കാലാവസ്ഥ പ്രതികൂലമായതിനാൽ പണികൾക്ക് താമസം നേരിടുമെന്നാണ് അധികൃതർ പറയുന്നത്.
അതിനിടെ പുനലൂർ -ഗുരുവായൂർ ട്രെയിൻ ആലപ്പുഴ വഴി സർവിസ് നടത്തും. തിരുവനന്തപുരം -ചെന്നൈ മെയിൽ, കൊച്ചുവേളി -പാലക്കാട് ഹംസഫർ എക്സ്പ്രസ്, എന്നിവ ഒരു മണിക്കൂർ വൈകിയാണ് യാത്ര തുടങ്ങിയത്. സംഭവം സംബന്ധിച്ച് അന്വേഷണം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.