01 February, 2022 04:45:01 PM


കാഞ്ഞിരപ്പള്ളിയിലെ പട്ടയവിതരണം ത്വരിതപ്പെടുത്താൻ പ്രത്യേക സംഘം - മന്ത്രി കെ. രാജൻ

അർഹർക്ക് സമയബന്ധിതമായി പട്ടയം അനുവദിക്കുക ലക്ഷ്യം, പട്ടയവിതരണത്തിലെ സങ്കീർണമായ പ്രശ്‌നങ്ങൾ പരിഹരിക്കും



കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്കിലെ എയ്ഞ്ചൽവാലി-പമ്പാവാലി മേഖലയിൽ പട്ടയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഭൂരേഖകൾ പരിശോധിച്ച് സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നതടക്കമുള്ള നടപടികൾക്കായി പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കുമെന്ന് റവന്യൂ വകുപ്പു മന്ത്രി അഡ്വ. കെ. രാജൻ പറഞ്ഞു. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ വിലയിരുത്തുന്നതിനായി കളക്‌ട്രേറ്റിൽ കൂടിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. 

ഇതുമായി ബന്ധപ്പെട്ട് കർമപദ്ധതിയും സമഗ്രമായ റിപ്പോർട്ടും ഒരാഴ്ച്ചയ്ക്കകം നൽകാൻ ജില്ലാ കളക്ടറെയും സർവേ ഡെപ്യൂട്ടി ഡയറക്ടറെയും ചുമതലപ്പെടുത്തി. കർമപദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് കലണ്ടർ തയാറാക്കി നൽകാനും ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. കർമപദ്ധതിയുടെ അടിസ്ഥാനത്തിൽ സർവേ-റവന്യൂ ജീവനക്കാർ, സർവേ ഉപകരണങ്ങൾ, സംവിധാനങ്ങൾ എന്നിവ നൽകും. ഫെബ്രുവരിയിൽ തന്നെ പ്രത്യേക സംഘത്തിന്റെ പ്രവർത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വീണ്ടും യോഗം ചേരും. വനംവകുപ്പ് അടക്കം വിവിധ വകുപ്പുകളുടെ അധീനതയിലുള്ള ഭൂമിയുണ്ട്. വകുപ്പുകളുമായി ചർച്ച ചെയ്ത് ധാരണയിലെത്തി അർഹരായവർക്ക് നിയമപ്രകാരം പട്ടയം അനുവദിക്കുകയാണ് ലക്ഷ്യം.  

പട്ടയവിതരണവുമായി ബന്ധപ്പെട്ട ജില്ലയിലെ സങ്കീർണമായ പ്രശ്‌നങ്ങൾ പരിഹരിക്കാനും അർഹരായ അപേക്ഷകർക്ക് നിയമാനുസൃതമായി വേഗത്തിൽ പട്ടയം ലഭ്യമാക്കാനുമാണ് സർക്കാരിന്റെ ശ്രമം. പട്ടയവിതരണത്തെ ഗൗരവത്തോടെയാണ് സമീപിക്കുന്നത്.
വിവിധ വിഭാഗങ്ങളിൽപ്പെട്ട ഭൂമിക്കായി പട്ടയ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. പട്ടയം അനുവദിച്ചെങ്കിലും ഭൂമിയുടെ വിസ്തീർണം നിർണയിച്ചു നൽകാനാകാത്തതിനാൽ ഉടമകൾക്ക് പട്ടയത്തിന്റെ ഉടമസ്ഥാവകാശം യഥാർഥ അർത്ഥത്തിൽ അവകാശപ്പെടാനാകാത്ത അവസ്ഥയുണ്ട്. ഭൂമി അളന്നു തിട്ടപ്പെടുത്തി നൽകാൻ കഴിയാത്തതിനാൽ പുതിയ പട്ടയം അനുവദിക്കുന്നതിലും പ്രശ്‌നങ്ങൾ നേരിടുന്നു. ഇതു പരിഹരിക്കുകയാണ് ലക്ഷ്യം.

കാഞ്ഞിരപ്പള്ളി താലൂക്കിലെ പത്തനംതിട്ട, കോട്ടയം ജില്ലകളിലേക്ക് മാറിക്കിടക്കുന്ന ഭൂമി അളന്നു തിട്ടപ്പെടുത്തുകയും ഗ്രൂപ്പായി അളന്നുതിരിക്കുകയും വേണം. ഇവ പിന്നീട് വ്യക്തിഗതമായി വെവ്വേറെ അളന്നു തിട്ടപ്പെടുത്തുകയും വേണം. ഇതിനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വിവിധ താലൂക്കുകളിലെ പട്ടയ അപേക്ഷകളിന്മേൽ സമയബന്ധിതമായി നടപടികൾ സ്വീകരിക്കണമെന്നും ചട്ടങ്ങളും നിയമങ്ങളും പാലിച്ച് നിയമപരമായി പട്ടയത്തിന് അർഹരായവർക്ക് അവ നൽകാനുള്ള നടപടികൾ ഊർജ്ജിതമാക്കമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ സ്മാർട് വില്ലേജ് ഓഫീസുകളുടെ നിർമാണ പ്രവൃത്തികളുടെ പുരോഗതി യോഗം വിലയിരുത്തി.  

ലാൻഡ് റവന്യൂ കമ്മീഷണർ കെ. ബിജു, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, സർവേ ഡയറക്ടർ ശ്രീറാം സാംബശിവ റാവു, എ.ഡി.എം. ജിനു പുന്നൂസ്, സബ് കളക്ടർ രാജീവ് കുമാർ ചൗധരി, സർവേ ഡെപ്യൂട്ടി ഡയറക്ടർ ആർ. ബാബു, പാലാ ആർ.ഡി.ഒ. അനിൽ ഉമ്മൻ, ഡെപ്യൂട്ടി കളക്ടർമാരായ പി.ജി. രാജേന്ദ്രബാബു, മുഹമ്മദ് ഷാഫി, ജിയോ ടി. മനോജ്, തഹസിൽദാർമാർ എന്നിവർ പങ്കെടുത്തു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K