31 January, 2022 05:30:09 PM


പത്താം ക്ലാസ്, പ്ലസ്ടു സാക്ഷരത തുല്യതാ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം



കോട്ടയം: സംസ്ഥാന സാക്ഷരതാ മിഷന്‍റെ ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ സഹകരണത്തോടെ നടത്തുന്ന പത്താം ക്ലാസ്, ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പാസായതും 17 വയസ് പൂർത്തിയായതുമായ വ്യക്തികൾക്ക് പത്താം ക്ലാസ് തുല്യതാ കോഴ്സിലേക്കും പത്താം ക്ലാസ് പാസായതും 22 വയസ് പൂർത്തിയായതുമായ വ്യക്തികൾക്ക് ഒന്നാം വർഷ ഹയർ സെക്കൻഡറി തുല്യതാ കോഴ്സിലേക്കും അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പത്താംക്ലാസിലേക്ക് 100 രൂപ രജിസ്ട്രേഷൻ ഫീസും 1750 രൂപ കോഴ്സ് ഫീസും ഹയർ സെക്കൻഡറിയിലേക്ക് 300 രൂപ രജിസ്ട്രേഷൻ ഫീസും 2200 രൂപ കോഴ്സ്ഫീസും അടയ്ക്കണം.

 പട്ടികജാതി, പട്ടിക വർഗ, ഭിന്നശേഷി, ട്രാൻസ്ജൻഡർ പഠിതാക്കൾക്ക് കോഴ്സ് ഫീസ് സൗജന്യമാണ്. ട്രാൻസ് ജെൻഡർ വിഭാഗത്തിലെ പഠിതാക്കൾക്ക് പ്രതിമാസ സ്റ്റൈഫന്റായി പത്താം ക്ലാസ് തുല്യത കോഴ്സിന് 1000 രൂപ വീതവും ഹയർ സെക്കൻഡറി തുല്യത കോഴ്സിന് 1250 രൂപ വീതവും ലഭിക്കും. പട്ടികവർഗ പഠിതാക്കൾ പത്താം ക്ലാസ് തുല്യതാ കോഴ്സ് വിജയിച്ചാൽ 3000 രൂപയും ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് വിജയിച്ചാൽ 5000 രൂപയും സർക്കാർ പ്രോത്സാഹനമായി നൽകുന്നുണ്ട്. പാഠപുസ്തക വിതരണം, പഠനക്ലാസ് എന്നിവ സാക്ഷരതാ മിഷനും പരീക്ഷ, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് പൊതുവിദ്യാഭ്യാസ വകുപ്പുമാണ്. വിശദ വിവരത്തിന് നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന തുടർവിദ്യാകേന്ദ്രങ്ങളിലോ കോട്ടയത്ത് വയസ്‌ക്കരക്കുന്നിൽ പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷൻ ഓഫിസുമായോ ബന്ധപ്പെടണമെന്ന് സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. വി.വി. മാത്യു അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K