30 January, 2022 09:53:12 AM


കവര്‍ച്ചശ്രമം അഞ്ച് മിനിറ്റിനിടെ; പേരൂരിലെ എടിഎമ്മില്‍ മോഷ്ടാവ് എത്തിയത് പുലര്‍ച്ചെ 2.37ന്



ഏറ്റുമാനൂർ : പേരൂർ പുളിമൂട് കവലയിൽ എസ്ബിഐയുടെ എടിഎം തകർത്ത് കവർച്ചാ ശ്രമം.  ബാങ്കിനോട് ചേർന്നുള്ള എടിഎം കമ്പിപാരകൊണ്ട് കുത്തിപ്പൊളിച്ച് പണം കവരാനായിരുന്നു ശ്രമം. കൃത്യത്തിനുപയോഗിച്ചു എന്നു കരുതുന്ന കമ്പിപാര കൗണ്ടറിനുള്ളിൽ നിന്നും ലഭിച്ചു. എന്നാല്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചതായി ഏറ്റുമാനൂർ പോലീസ് പറഞ്ഞു. 

ഞായറാഴ്ച പുലർച്ചെ  2.37നാണ് മോഷ്ടാവ് എടിഎം കൗണ്ടറിനുള്ളില്‍ പ്രവേശിച്ചത്.  അതിരാവിലെ ഇതുവഴി എത്തിയ പത്രം വിതരണക്കാരനാണ് എടിഎം കുത്തിപൊളിച്ചിട്ടിരിക്കുന്നത് കണ്ടത്. ഉടനെ ഇയാള്‍ തൊ‌ട്ടടുത്ത് താമസിക്കുന്ന റിട്ട പോലീസ് ഉദ്യോഗസ്ഥന്‍ പ്രസാദിനോട് വിവരം പറയുകയും അദ്ദേഹം അറിയിച്ചതനുസരിച്ച് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ രാജേഷ് കുമാറിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തുകയുമായിരുന്നു.  


എ.ടി.എമ്മും സിഡിഎമ്മും പ്രവര്‍ത്തിക്കുന്ന കൗണ്ടറിലെ യന്ത്രത്തിന്‍റെ മുന്‍വശം ഉള്‍പ്പെടെ ഭാഗികമായി തകർത്ത നിലയിലാണ്. നീല ടീ ഷർട്ടും തൊപ്പിയും മാസ്‌കും ധരിച്ച് പിന്നില്‍ ബാഗും തൂക്കി എത്തിയ യുവാവ് കമ്പി ഉപയോഗിച്ച് തകർക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. കവര്‍ച്ച ചെയ്യുന്ന പണം കൊണ്ടുപോകാനാണ് ബാഗുമായി എത്തിയതെന്നും എന്നാല്‍ പണം ലഭിക്കാതെവന്നതിനെതുടര്‍ന്ന് കൃത്യം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നുവെന്നുമാണ് പോലീസ് കരുതുന്നത്. 

ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി പ്രാഥമിക പരിശോധന പൂർത്തിയാക്കി. കൗണ്ടറില്‍നിന്നും മണം പിടിച്ച പോലീസ് നായ് തൊട്ടടുത്ത് നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിലും പരിസരത്തും കറങ്ങി തിരികെയെത്തി. കോവിഡ് വ്യാപനത്തെതുടര്‍ന്ന് കുറച്ച് ദിവസമായി കെട്ടിടത്തിന്‍റെ നിര്‍മ്മാണം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇവിടെനിന്നും ശേഖരിച്ച കമ്പിയാണോ കൃത്യത്തിന് ഉപയോഗിച്ചതെന്നും പോലീസ് സംശയിക്കുന്നു. പ്രതിയെ കണ്ടെത്തുന്നതിന്‍റെ ഭാഗമായി സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറകളും പൊലീസ് പരിശോധിച്ചു വരികയാണ്. ഇതരസംസ്ഥാനതൊഴിലാളികളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K