29 January, 2022 10:15:31 PM
എംജി കൈക്കൂലി: കേസ് ഒതുക്കാന്‍ ഉന്നതഇടപെടലുകള്‍ ഉണ്ടാകും - എംപ്ലോയിസ് യൂണിയന്‍
കോട്ടയം: കൈക്കൂലി മേടിച്ച സംഭവത്തില്‍ പിടിയിലായ എം.ജി.സര്‍വ്വകലാശാലാ ജീവനക്കാരി ഭരണാനുകൂല സംഘടനയുടെ മുന്‍നിര പ്രവര്‍ത്തക ആയതിനാല്‍ കേസ് ഒതുക്കി തീര്‍ക്കാനുള്ള ഉന്നത ഇടപെടലുകള്‍ ഉണ്ടായേക്കുമെന്ന് എം ജി യൂണിവേഴ്‌സിറ്റി എംപ്ലോയിസ് യൂണിയന്‍. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തെ വിവാദമായ ബി. ടെക് മാര്‍ക്ക് ദാനം മുതല്‍ സര്‍വകലാശാല സമൂഹത്തെ പൊതുജനം അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്‍റെയും കേന്ദ്രമായാണ് കരുതുന്നതെന്നും യൂണിയന്‍ ചൂണ്ടികാട്ടി.
മാര്‍ക്ക് ലിസ്റ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് ജീവനക്കാരി വിജിലന്‍സിന്‍റെ കസ്റ്റഡിയിലായ സംഭവം സര്‍വകലാശാലാ സര്‍വീസിന് ആകമാനം അപമാനകരമാണെന്ന് യൂണിവേഴ്‌സിറ്റി എംപ്ലോയിസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്‍ മഹേഷ് അഭിപ്രായപ്പെട്ടു. ഈ സംഭവത്തെപ്പറ്റി സമഗ്ര അന്വേഷണം നടത്തി ഇവര്‍ക്ക് ഇത് ചെയ്യാന്‍ മറ്റു പിന്തുണ ലഭിച്ചിട്ടുണ്ടെങ്കില്‍ അവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് കുറ്റക്കാരെ മാതൃകാ പരമായി ശിക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വളരെ ഉയര്‍ന്ന അക്കാദമിക നിലവാരത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സര്‍വകലാശാലയില്‍ ഇത്തരത്തിലുള്ള പ്രവണതകള്‍ കാണിക്കുകയും കുറ്റാരോപിതരെ സംരക്ഷിക്കുകയും ചെയ്യുന്നവരെ ഒറ്റപ്പെടുത്തണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.