27 January, 2022 02:04:43 PM


പെണ്‍കുട്ടി കാമുകനോടൊപ്പം നാടുവിട്ടത് തലയിണകള്‍ ചേര്‍ത്തുവച്ച് ആള്‍രൂപം ഉണ്ടാക്കി പുതപ്പുകൊണ്ട് മൂടിയശേഷം



പാലാ: മേലമ്പാറയില്‍ നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കാമുകനോടൊപ്പം നാടുവിട്ടത് തലയിണകള്‍ ചേര്‍ത്തുവച്ച് ആള്‍രൂപം ഉണ്ടാക്കി പുതപ്പുകൊണ്ട് മൂടിയ ശേഷം. കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞതോടെ പരിഭ്രാന്തരായി ബന്ധുക്കൾ ഓടി നടക്കവെ കാമുകനുമായി പുതിയ ജീവിതം തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു പെണ്‍കുട്ടി. ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പമാണ് വിദ്യാര്‍ത്ഥിനിയെ പോലീസ് മണിക്കൂറുകള്‍ക്കകം തിരുവനന്തപുരത്തുനിന്ന്  കണ്ടെത്തിയത്. ഇയാള്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നും പോലീസ് സംശയിക്കുന്നുണ്ട്.

വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനായി രണ്ട് തലയിണകള്‍ ചേർത്തുവെച്ച് ആള്‍രൂപം ഉണ്ടാക്കി പുതപ്പ് കൊണ്ട് മൂടിയ ശേഷമാണ് പെണ്‍കുട്ടി വീടു വിട്ടത്. അവധി ദിവസമായതിനാല്‍ ഉറങ്ങുകയാണെന്ന ധാരണയില്‍ പെണ്‍കുട്ടി വീടുവിട്ടുപോയ കാര്യം അറിയാന്‍ വീട്ടുകാരും വൈകി. സംഭവം മനസിലാക്കി പോലീസില്‍ പരാതിപ്പെട്ടപ്പോഴേക്കും പെണ്‍കുട്ടി സ്ഥലം വിട്ടിരുന്നു. മൊബൈല്‍ ഫോണ്‍ വീട്ടില്‍ ഉപേക്ഷിച്ചാണ് പെണ്‍കുട്ടി നാടു വിട്ടത്.

പെൺകുട്ടിയെ കാണാതായതോടെ സമൂഹമാധ്യമങ്ങളിൽ ചിത്രം സഹിതം വാർത്ത പ്രചരിച്ചുതുടങ്ങിയിരുന്നു. കൊല്ലം സ്വദേശി യുവാവിനൊപ്പം ഈരാറ്റുപേട്ടയിൽ നിന്നും തിരുവനന്തപുരം കെഎസ്ആർടിസി ബസിൽ കയറിയ പെൺകുട്ടി കാട്ടാകടയിലേക്ക് തിരിച്ചു. ഇവർ ബസിൽ നിന്നിറങ്ങിയ ശേഷം കണ്ടക്ടറുടെ വാട്സാപ്പിൽ ലഭിച്ച സന്ദേശമാണ് വഴിത്തിരിവായത്. അന്വേഷണത്തില്‍ ആദ്യം നേരിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കണ്ടക്ടർ ഈരാറ്റുപേട്ട ഡിപോയിൽ വിവരം നൽകിയതനുസരിച്ചു സൈബര്‍ സെല്ലുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെയും യുവാവിനെയും കണ്ടെത്തുകയായിരുന്നു.

പൊലീസിന്റെ കാര്യക്ഷമമായ ഇടപെടലിലൂടെയാണ് വിദ്യാര്‍ത്ഥിനിയെ പെട്ടെന്നുതന്നെ കണ്ടെത്താനായത്. പെണ്‍കുട്ടിക്കൊപ്പമുള്ള യുവാവ് നേരത്തെയും മേലമ്പാറയില്‍ വന്നിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അന്ന് വഴിതെറ്റി ആ ഭാഗത്ത് എത്തിയതാണെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. ഇന്നലെ രാത്രി 7.30-ഓടെ ഇരുവരെയും കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് ഈരാറ്റുപേട്ടയില്‍ എത്തിക്കുമെന്നാണ് വിവരം. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K