17 January, 2022 07:14:12 PM


കോട്ടയത്ത് നിന്നും എറണാകുളത്ത് എത്താം 23 മിനിറ്റിൽ: 'ജനസമക്ഷം സിൽവർ ലൈൻ' നാളെ കോട്ടയത്ത്



കോട്ടയം: കാസർഗോഡ്-തിരുവനന്തപുരം അർദ്ധ അതിവേഗ റെയിൽ പാതയായ സിൽവർലൈൻ പദ്ധതിയെക്കുറിച്ച് ജനങ്ങൾക്കിടയിലുള്ള ആശങ്കകൾ ദൂരീകരിക്കുന്നതിനായി കോട്ടയം ജില്ലയിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വിശദീകരണ യോഗം നാളെ (ജനുവരി 18) രാവിലെ 10.30ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും. ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി ശ്രീ വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും.

കെ റെയിൽ മാനേജിംഗ് ഡയറക്ടർ വി. അജിത് കുമാർ പദ്ധതി അവതരണം നടത്തും. കെ റെയിൽ പ്രോജക്ട് ആൻഡ് പ്ലാനിംഗ് ഡയറക്ടർ പി. ജയകുമാർ സ്വാഗതവും കമ്പനി സെക്രട്ടറിയും ജോയിന്റ് ജനറൽ മാനേജറുമായ ജി. അനിൽകുമാർ നന്ദിയും പറയും. പദ്ധതി സംബന്ധിച്ച സംശയങ്ങൾക്ക് മന്ത്രിമാരും കെ റെയിൽ പ്രതിനിധികളും മറുപടി നൽകും. വിവിധ സംഘടന പ്രതിനിധികൾ, വിദഗ്ധർ എന്നിവർ പങ്കെടുക്കും. പാത കടന്നു പോകുന്ന ജില്ലകളിൽ സംസ്ഥാന സർക്കാരും കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡും സംയുക്തമായാണ് വിശദീകരണ യോഗം സംഘടിപ്പിക്കുന്നത്.

സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്ന അർധ അതിവേഗ പദ്ധതിയായ സിൽവർ ലൈനിന്റെ 48.79 കിലോമീറ്ററാണ് കോട്ടയം ജില്ലയിലൂടെ കടന്നുപോകുക.  കോട്ടയം നഗരത്തിൽ റെയിൽവേ സ്‌റ്റേഷനിൽനിന്നും 2.16 കിലോമീറ്റർ അടുത്ത്‌ എം.സി. റോഡിന് സമീപത്തായാണ് ആധുനിക സൗകര്യങ്ങളോടെ രാജ്യാന്തര നിലവാരത്തിൽ കെ-റെയിൽ സ്റ്റേഷൻ സമുച്ചയം സജ്ജമാക്കുക. 
സ്‌റ്റേഷനിൽ വിശാലമായ കാർ പാർക്കിംഗ് സൗകര്യമൊരുക്കും. ജില്ലയിലെ എല്ലാ സ്ഥലങ്ങളെയും ബന്ധപ്പെടുത്തിയുള്ള യാത്രാസൗകര്യവും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇ-വാഹന കണക്ടിവിറ്റിയും ഉണ്ടായിരിക്കും. വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. പുതിയ ബിസിനസ് അവസരങ്ങളും വ്യവസായസംരംഭങ്ങളും രൂപപ്പെടും.

ഇവിടെനിന്നും 1.02 മണിക്കൂറിൽ തിരുവനന്തപുരത്തും 16 മിനിറ്റിൽ ചെങ്ങന്നൂരും 40 മിനിറ്റിൽ കൊല്ലത്തും എത്താനാകും. എറണാകുളത്തിന് 23 മിനിറ്റും തൃശൂരിന് 54 മിനിറ്റും കോഴിക്കോടിന് 1.38 മണിക്കൂറും മതിയാകും. കിലോമീറ്ററിന് 2.75 രൂപയാണ് നിരക്ക്.

തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കൊച്ചി രാജ്യാന്തര വിമാനത്താവളം, തൃശൂർ, തിരൂർ,  കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവയാണ് സ്റ്റേഷനുകൾ.
ആകെ 529.45 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലാണ് ട്രെയിനുകൾ സഞ്ചരിക്കുക.  

കെ-റെയിൽ പദ്ധതി; സർക്കാർ 
പറയുന്നത് ഇങ്ങനെ

സംസ്ഥാന സർക്കാരിൻറെയും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൻറെയും സംയുക്ത സംരംഭമാണ് കേരള റെയിൽ ഡവലപ്‌മെൻറ് കോർപ്പറേഷൻ അഥവാ കെ-റെയിൽ. പദ്ധതിയുടെ അലൈൻമെൻറ് പ്രകാരം സംസ്ഥാനത്തെ 11 ജില്ലകളിലൂടെയാണ് ഈ റെയിൽ ലൈൻ കടന്നുപോകുക.

1435 എം.എം സ്റ്റാൻഡേർഡ് ഗേജിലാണ് പാത സജ്ജമാക്കുന്നത്. അഞ്ചു വർഷമാണ് നിർമാണ കാലയളവ്. വയഡക്ട്-88.41 കിലോമീറ്റർ, പാലങ്ങൾ-12.99 കിലോമീറ്റർ, തുരങ്കം-11.52 കിലോമീറ്റർ, കട്ട് ആൻറ് കവർ-24.78 കിലോമീറ്റർ, കട്ടിംഗ്-101.73 കിലോമീറ്റർ, മൺതിട്ട (എംബാങ്ക്‌മെൻറ്)- 292.72 കിലോമീറ്റർ എന്നിങ്ങനെയാണ് പാതയുടെ ഘടന. ഇലക്ട്രിക്കൽ മൾട്ടിപ്പിൾ ട്രെയിൻ സെറ്റാണ് സർവീസിനായി ഉപയോഗിക്കുക.

നിർമാണത്തിനുള്ള പ്രാരംഭ നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ചു. 63,940.67 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.  
ലോറികളും കാറുകളും കയറ്റിക്കൊണ്ടുപോകാൻ കഴിയുന്ന റോറോ (റോൾ ഓൺ റോൾ) സർവീസും പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത് പരിഗണനയിലുണ്ട്.

ആറുവരി ദേശീയ പാതയേക്കാൾ കൂടുതൽ യാത്രക്കാർക്ക് യാത്ര ചെയ്യാം.
സമ്പൂർണ പരിസ്ഥിതി സൗഹൃദ രൂപകൽപനയും നിർമാണവും.
വിനോദസഞ്ചാര മേഖലയ്ക്ക് വർധിച്ച സാധ്യത.

ബസ്, മെട്രോ, വിമാന യാത്രാ സംവിധാനങ്ങളുമായി കണക്ടിവിറ്റി.
നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാൻ 88 കിലോമീറ്റർ ആകാശപാത.

പദ്ധതി യാഥാർഥ്യമാകുന്നതോടെ റോഡിലെ ഗതാഗതം ഗണ്യമായി കുറയും. 12872 വാഹനങ്ങൾ ആദ്യവർഷം റോഡിൽനിന്ന് വിമുക്തമാക്കാം. പ്രതിദിനം റോഡ് ഉപയോഗിക്കുന്ന 46206 പേർ സിൽവർ ലൈനിലേക്ക് മാറും. 530 കോടി രൂപയുടെ ഇന്ധനം പ്രതിവർഷം ലാഭിക്കാം.

ആറുവരി ദേശീയപാതയേക്കാൾ കൂടുതൽ യാത്രക്കാർക്ക് യാത്ര ചെയ്യാം. ദലവസേന 2,80,0000 മണിക്കൂർ മനുഷ്യസമയ ലാഭം.

കാർബൺ ബഹിർഗമനം കുറയ്ക്കും. അന്തരീക്ഷ മലിനീകരണവും വാഹനാപകടങ്ങളും കുറയും. നൂറുശതമാനം പുനരുപയോഗ ഇന്ധനമാണ് ഉപയോഗിക്കുക.
 
നിർമാണ സമയത്ത് 50,000 തൊഴിലവസരങ്ങൾ. പ്രവർത്തനഘട്ടത്തിൽ 11,000 പേർക്ക് ജോലി.

തിരുവനന്തപുരം ടെക്‌നോ പാർക്ക്, കൊച്ചി ഇൻഫോ പാർക്ക്, കോഴിക്കോട് സൈബർ പാർക്ക് എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഐ.ടി. കോറിഡോർ കണക്ടിവിറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K