15 January, 2022 06:11:51 PM


ഒമിക്രോൺ - കോവിഡ് വ്യാപനം: നിയന്ത്രണങ്ങൾ കടുപ്പിച്ച് കോട്ടയം ജില്ലാ ഭരണകൂടം



കോട്ടയം: ജില്ലയിൽ കോവിഡ് വൈറസ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുരന്ത നിവാരണ അതോറിട്ടി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ ഉത്തരവിറക്കി.

സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കും. ഇതു സംബന്ധിച്ച നടപടികൾ അതത് വകുപ്പ് മേധാവികൾക്ക് സ്വീകരിക്കാം.  ഒൻപതാം ക്ലാസ്സ് വരെയുള്ള സ്‌കൂൾ വിദ്യാർഥികൾക്ക് ജനുവരി 21 മുതൽ രണ്ടാഴ്ചത്തേക്ക് ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമാണ് ക്ലാസ് നടത്തുക, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ ക്ലസ്റ്റർ മേഖല 15 ദിവസത്തേക്ക് അടച്ചിടാൻ പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർ നടപടി സ്വീകരിക്കണം.

സർക്കാർ, അർദ്ധ സർക്കാർ, സഹകരണ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിൽ നടത്തുന്ന യോഗങ്ങൾ, പരിപാടികൾ, ചടങ്ങുകൾ എന്നിവ ഓൺലൈനായി മാത്രം നടത്തണം. മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിനു മുകളിലായാൽ സാമൂഹിക, രാഷ്ട്രീയ, സാംസ്‌ക്കാരിക, സാമുദായിക പൊതുപരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പങ്കെടുക്കുന്നവരുടെ എണ്ണം 50 പേരായി പരിമിതപ്പെടുത്തണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലായാൽ പൊതുപരിപാടികൾ നടത്താൻ അനുവദിക്കില്ല. എല്ലാ കടകളിലും ഓൺലൈൻ ബുക്കിംഗും വിൽപനയും പ്രോത്സാഹിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K