10 January, 2022 03:27:52 PM


കോട്ടയം ജില്ലയിൽ 1119 അതി ദരിദ്ര കുടുംബങ്ങൾ: ഏറ്റവും കൂടുതൽ കോട്ടയം നഗരത്തിൽ; കുറവ് തലയോലപ്പറമ്പിൽ




കോട്ടയം: അഞ്ചുവർഷത്തിനുള്ളിൽ അതിദാരിദ്രം നിർമ്മാർജ്ജനം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കിയ അതിദാരിദ്ര്യ നിർണയ പ്രക്രിയ പൂർണമായി പൂർത്തീകരിച്ച കേരളത്തിലെ ആദ്യ ജില്ലയായി കോട്ടയം മാറിയെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.

ജില്ലയിൽ 1119 അതിദരിദ്ര കുടുംബങ്ങളുള്ളതായാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുള്ളത്. ജില്ലയിലുള്ള മൊത്തം കുടുംബങ്ങളിൽ 0.22 ശതമാനം മാത്രമാണ് അതിദരിദ്രർ. 
ജില്ലയിൽ ഏറ്റവും കൂടുതൽ അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തിയിട്ടുള്ളത് കോട്ടയം നഗരസഭയിലാണ്-121 കുടുംബങ്ങൾ. ഏറ്റവും കുറവ് തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലാണ്. ഒരു കുടുംബമാണ് ഇവിടെയുള്ളത്. 
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സാമൂഹികപ്രവർത്തകരും ഒരേ മനസോടെ പ്രവർത്തിച്ചതിന്റെ ഫലമായാണ് വേഗത്തിൽ അതിദാരിദ്ര നിർണയ പ്രക്രിയ പൂർത്തീകരിക്കാനായത്.

മൂന്നു ലക്ഷത്തോളം പേരുടെ പങ്കാളിത്തത്തോടെയാണ് പ്രക്രിയ പൂർത്തീകരിച്ചത്. അൻപതിനായിരത്തിലധികം പേർ പങ്കെടുത്ത ഫോക്കസ് ഗ്രൂപ്പ് ചർച്ചകളിലൂടെ 1294 കുടുംബങ്ങളെ കണ്ടെത്തിയിരുന്നു. ഇവരുടെ എന്യൂമറേഷനും ഉപരിപരിശോധനയും മൊബൈൽ ആപ്പുവഴിയാണ് പൂർത്തീകരിച്ചത്. തുടർന്ന് മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റത്തിൽ ലഭ്യമായ 1119 അതിദരിദ്ര കുടുംബങ്ങളുടെ മുൻഗണന പട്ടിക ഏഴു ദിവസം പൊതുസ്ഥലങ്ങളിൽ പ്രസിദ്ധീകരിച്ചു. പിന്നീട് ഗ്രാമസഭയും തദ്ദേശസ്ഥാപന ഭരണസമിതിയും ചേർന്ന് അന്തിമ പട്ടികയ്ക്ക് അംഗീകാരം നൽകി.

ഭക്ഷണ ലഭ്യത, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നിവയെ അടിസ്ഥാനമാക്കി തീവ്ര, അതിതീവ്ര ക്ലേശ ഘടകങ്ങൾ ബാധകമാകുന്ന കുടുംബങ്ങളെ അതിദരിദ്രരായി കണക്കാക്കുന്ന നിലയിലാണ് സൂചകങ്ങൾ നിശ്ചയിച്ചത്. ആശ്രയ ഉൾപ്പെടെയുള്ള സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാത്ത പാർശ്വവൽക്കരിക്കപ്പെട്ട അതിദരിദ്രരെയാണ് കണ്ടെത്തിയത്. 14-ാം പഞ്ചവത്സരപദ്ധതിയിൽ ഉൾപ്പെടുത്തി ഇവരുടെ പ്രശ്‌നങ്ങൾ പരിഹകരിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സൂക്ഷ്മ പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പാക്കും. ലഭ്യമായ കണക്കുകൾ പ്രകാരം ഏറ്റവും കുറവ് അതിദരിദ്ര കുടുംബങ്ങളുള്ളത് കോട്ടയം ജില്ലയിലാണെന്നും മന്ത്രി പറഞ്ഞു.

ജില്ലയിൽ മികച്ച നിലയിൽ പ്രക്രിയ പൂർത്തീകരിക്കുന്നതിന് നേതൃത്വം നൽകിയ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും സാമൂഹിക പ്രവർത്തകരെയും മന്ത്രി അഭിനന്ദിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം ഏകോപിപ്പിച്ചത്. കിലയുടെ നേതൃത്വത്തിലാണ് ആവശ്യമായ പരിശീലനം ലഭ്യമാക്കിയത്.  

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്റ്റ് ഡയറക്ടറും ജില്ലാ നോഡൽ ഓഫീസറുമായ പി.എസ്. ഷിനോ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ,  കില ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K