07 January, 2022 04:06:26 PM
'റെനീഷാണ് താരം'; സമൂഹമാധ്യമങ്ങളില് വൈറലായി ഗാന്ധിനഗര് എസ്ഐ
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ നഴ്സിന്റെ വേഷം ധരിച്ചെത്തിയ യുവതി നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തില് താരമായത് ഗാന്ധിനഗര് എസ്ഐ ടി.എസ്.റെനീഷ്. കാണാതായി ഒരു മണിക്കൂറിനുള്ളിൽ കുട്ടിയെ കണ്ടെത്തി അമ്മയ്ക്കു കൈമാറിയ റെനീഷിനു സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും അഭിനന്ദനങ്ങളുടെ പ്രവാഹം. സംഭവത്തിനുശേഷം സ്റ്റേഷനിൽ എത്തിയ റെനീഷിനെ ഫോണില് വിളിച്ച് അഭിനന്ദനമറിയച്ചവരുടെ എണ്ണത്തിന് കയ്യും കണക്കുമില്ല.
ടി.എസ്. റെനീഷ് കുഞ്ഞുമായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു എത്തുന്ന ദൃശ്യങ്ങളാണ് വൈറലായത്. ആശുപത്രി പരിസരത്ത് കൂടിയ രോഗികളും ബന്ധുക്കളും ഉള്പ്പെടെയുള്ള വന്ജനാവലി കൈയടികളോടെയും സല്യൂട്ട് നല്കിയും സ്വീകരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത് മിനിറ്റുകൾക്കുള്ളിൽ. എസ്ഐയ്ക്കുമുന്നില് സല്യൂട്ട് അടിച്ചു നില്ക്കുന്നവരെയും വീഡിയോയിൽ കാണാം.
യുവതിയില്നിന്നും വീണ്ടെടുത്ത കുട്ടിയെ മറ്റാരുടെ കയ്യിലും കൊടുക്കാതെ നേരിട്ട് തന്നെ എത്തി അമ്മയെ ഏല്പ്പിച്ച റെനീഷിന്റെ അര്പ്പണമനോഭാവവും ഏറെ അഭിനന്ദിക്കപ്പെട്ടു. നുറൂകണക്കിന് ആളുകളാണ് ഈ വീഡിയോ ഷെയർ ചെയ്തത്. പോലീസ് മീഡിയ സെല്ലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഈ വീഡിയോ ഷെയർ ചെയ്യപ്പെട്ടു. നിരവധി പോലീസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് സ്റ്റാറ്റസും ഇന്നലെ ഈ വീഡിയോ ആയിരുന്നു.
ഏതാനും ദിവസങ്ങൾക്കു മുമ്പാണ് എസ്ഐ ടി.എസ്. റെനീഷ് ഏറ്റുമാനൂരിൽനിന്നു ഗാന്ധിനഗർ സ്റ്റേഷനിലേക്കു സ്ഥലംമാറി എത്തിയത്. നാളുകൾക്കു മുമ്പു ഗാന്ധിനഗർ സ്റ്റേഷനിൽ ജോലി ചെയ്തിട്ടുള്ള റെനീഷിനു മെഡിക്കൽ കോളേജും പരിസരങ്ങളും സുപരിചിതം. സംഭവമറിഞ്ഞയുടന് അമ്മയുടെ അടുത്തെത്തി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ആളുടെ ഏകദേശ രൂപം ചോദിച്ചു മനസിലാക്കി. തുടർന്നു സ്റ്റേഷനിലെ മുഴുവൻ പോലീസുകാരെയും പല സംഘങ്ങളായി തിരിച്ചു വിവിധ സ്ഥലങ്ങളിലേക്കു അന്വേഷണത്തിനായി പറഞ്ഞയച്ചു.
ബസ് സ്റ്റാൻഡുകൾ, ഹോട്ടലുകൾ, കടകൾ തുടങ്ങിയ സ്ഥലങ്ങളിലെത്തി പോലീസ് വിവരങ്ങൾ തിരക്കി. ഈ സമയത്താണ് കുഞ്ഞുമായി ഹോട്ടലിൽ എത്തിയ യുവതി അവിടെനിന്നും രക്ഷപെടാനായി ടാക്സി വിളിക്കുന്നത്. ടാക്സി ഡ്രൈവര് അലക്സിനു തോന്നിയ സംശയമാണ് പോലീസിനെ ഹോട്ടലിലേക്ക് എത്തിച്ചത്. ഹോട്ടലില് എത്തിയ റെനീഷും സംഘവും യുവതിയെ കയ്യോടെ പിടികൂടി. ഉടൻതന്നെ പിഞ്ചു കുഞ്ഞിനെ അമ്മയുടെ അടുത്തേക്ക് എത്തിക്കുകയും ചെയ്തു. പിഞ്ചുകുഞ്ഞിനെ അമ്മയുടെ അടുക്കൽ എത്തിച്ചപ്പോൾ അവരുടെ മുഖത്തുണ്ടായ സന്തോഷം ഒരിക്കലും മറക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.