06 January, 2022 09:05:39 PM


ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്ന സംഭവം; ആശങ്കയൊഴിയാതെ കുരിശുമല നിവാസികള്‍



ഏറ്റുമാനൂർ: ഏറ്റുമാനൂർ വള്ളിക്കാട് കുരിശുമല ഭാഗത്ത് ഹെലികോപ്ടർ താഴ്ന്ന് പറന്ന സംഭവത്തില്‍ പരാതിക്കാരില്ലാത്തതിനാല്‍ അന്വേഷണം ആരംഭിക്കാനായില്ലെന്ന് പോലീസ്. നാവികസേനയുടെ സിഎ ചാർലി എന്ന ഹെലികോപ്റ്ററാണ് ബുധനാഴ്ച രാവിലെ പതിനൊന്നര മണിയോടെ താഴ്ന്ന് പറന്നതെന്നാണ് നാവികസേന നൽകിയ വിശദീകരണം. എന്തിനാണ് ഹെലികോപ്റ്റര്‍ ഇത്രയും താഴ്ന്ന് പറന്നതെന്ന കാര്യത്തിലും ഇത് വരെ വ്യക്തതയില്ല.

കൂനൂർ ഹെലികോപ്റ്റർ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ഹെലികോപ്റ്റർ താഴ്ന്ന് നിന്നു  പറന്നത് വലിയ ആശങ്കയാണ് പ്രദേശത്തുണ്ടാക്കിയത്. ഹെലികോപ്റ്റർ തകർന്ന് വീഴുകയാണോ എന്ന് സംശയിച്ച് വീടുകളില്‍നിന്നും ഇറങ്ങിയോടിയവരുമുണ്ട്. ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിനെപ്പറ്റി അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം നേവിക്കെതിരെ എങ്ങനെ അന്വേഷണം നടത്തുമെന്ന ആശങ്കയിലാണ് പോലീസ് ഉദ്യോഗസ്ഥര്‍.

ഹെലികോപ്റ്ററിന്‍റെ കാറ്റേറ്റ് കുരിശുമല സ്വദേശി കുഞ്ഞുമോന്‍റെ പെയിന്‍റിംഗ് വർക്ക് ഷോപ്പ് പൂർണമായും നശിച്ചിരുന്നു. അഞ്ച് മിനിറ്റോളം ഹെലികോപ്റ്റർ തന്‍റെ വീടിന് മുകളിൽ താഴ്ന്ന് പറന്ന് നിന്നുവെന്നാണ് കുഞ്ഞുമോനും കുടുംബവും പറയുന്നത്. ഏറ്റുമാനൂര്‍ നഗരസഭയുടെയും കാണക്കാരി ഗ്രാമപഞ്ചായത്തിന്‍റെയും അതിര്‍ത്തിയാണ് കുരിശുമല.

ഹെലികോപ്റ്റര്‍ പറന്ന് നാശനഷ്ടമുണ്ടായ ഭാഗങ്ങള്‍ ഏറ്റുമാനൂര്‍, കുറവിലങ്ങാട് പോലീസ് സ്റ്റേഷന്‍ പരിധികളിലാണ്. അതുകൊണ്ടുതന്നെ ആരാണ് അന്വേഷണം ന‌ടത്തേണ്ടതെന്ന കാര്യത്തിലും തര്‍ക്കം നിലനില്‍ക്കുകയാണ്. പരാതി ലഭിക്കാത്തതിനാലും വ്യക്തമായ നിര്‍ദ്ദേശമുണ്ടാകാത്തതിനാലും രണ്ട് സ്റ്റേഷനിലും ഇതുസംബന്ധിച്ച് കേസൊന്നും എടുത്തിട്ടില്ല. അതേസമയം, സംഭവത്തില്‍ തങ്ങള്‍ക്കുണ്ടായ നാശനഷ്‌ങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആരെ സമീപിക്കണമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K