03 January, 2022 10:44:20 AM


വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിൽ പൂക്കളർപ്പിച്ച് ഉപരാഷ്ട്രപതി



കോട്ടയം: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെ തിരുശേഷിപ്പുകളുളള മാന്നാനം സെന്റ് ജോസഫ്സ് സീറോ മലബാർ ദയറാ പള്ളിയിലെ കബറിടത്തിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പുഷ്പാർച്ചന നടത്തി. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ, സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ, തോമസ് ചാഴികാടൻ എം.പി. എന്നിവർ സന്നിഹിതരായിരുന്നു. വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ 150ാം ചരമവാർഷികത്തോടനുബന്ധിച്ച് ഓർമ്മത്തിരുനാളായ ഇന്ന് മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായെത്തിയതായിരുന്നു ഉപരാഷ്ട്രപതി.



പള്ളിയിലെ പ്രധാന അൾത്താരയും മറ്റു ചെറിയ നാലു അൾത്താരകളും അദ്ദേഹം നോക്കിക്കണ്ടതിനു ശേഷം അല്പനേരം പള്ളിയിലെ മുൻനിര ബഞ്ചിൽ മന്ത്രിമാർക്കൊപ്പം ഇരുന്നു. കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ അൾത്താരയിൽ സ്ഥാപിച്ചിട്ടുള്ള ചാവറയച്ചന്റെ വിശുദ്ധരൂപം കാട്ടിക്കൊടുത്തു. ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ, സി.എം.ഐ. വികാർ ജനറൽ ഫാ. ജോസി താമരശ്ശേരി, ഫാ. സെബാസ്റ്റിയൻ ചാമത്തറ തുടങ്ങിവർ അനുഗമിച്ചു.



കൊച്ചി ഐ.എൻ.എസ്. ഗരുഡ നേവൽ സ്റ്റേഷനിൽനിന്ന് ഹെലികോപ്ടറിൽ രാവിലെ 9.30ന് ആർപ്പൂക്കരയിലെ കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്തെ പ്രത്യേക തയാറാക്കിയ ഹെലിപ്പാഡിൽ ഇറങ്ങിയ ഉപരാഷ്ട്രപതിയെ മന്ത്രി വി.എൻ. വാസവൻ, ദക്ഷിണ മേഖല ഐ.ജി. പി. പ്രകാശ്, എറണാകുളം റേഞ്ച് ഡി.ഐ.ജി. നീരജ് കുമാർ ഗുപ്ത, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ ബി. സുനിൽകുമാർ, സി.എം.ഐ. കോൺഗ്രിഗേഷൻ ജനറൽ കൗൺസിലർ ഫാ. ബിജു വടക്കേൽ സി.എം.ഐ. എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് റോഡു മാർഗം മാന്നാനത്തേക്ക് തിരിച്ചു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K