28 December, 2021 07:04:18 PM


എബ്രഹാം സാറിന്‍റെ പോരാട്ടം വിജയത്തിലേക്ക്; മൂഴികുളങ്ങര സ്കൂളിന് ശാപമോക്ഷം?



ഏറ്റുമാനൂര്‍: സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം കയ്യേറി സാംസ്കാരിക നിലയവും ക്ലബ്ബും പ്രവര്‍ത്തിക്കുന്ന നടപടിയില്‍ ഗ്രാമപഞ്ചായത്തിനെ നിശിതമായി വിമര്‍ശിച്ച് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്സ്മാന്‍. ഇതോടെ നീണ്ടൂര്‍ ഗ്രാമപഞ്ചായത്തും മൂഴിക്കുളങ്ങരയിലെ പഞ്ചായത്ത് എല്‍പി സ്കൂളും തമ്മില്‍ വര്‍ഷങ്ങളായി നിലനിന്ന നിയമപോരാട്ടത്തിന് തിരശീല വീഴുകയാണ്. അനധികൃതക്ലബ്ബിന്‍റെ പ്രവര്‍ത്തനം നിര്‍ത്തി കെട്ടിടമേറ്റെടുക്കാന്‍ സ്‌കൂള്‍ അധികൃതരോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ വിലങ്ങുതടിയായി ഗ്രാമപഞ്ചായത്തും രാഷ്ട്രീയ പ്രവര്‍ത്തകരും രംഗത്ത് വന്നതോടെ മുന്‍ പ്രധാനാധ്യാപകന്‍ പി.കെ.എബ്രഹാം തുടങ്ങിവെച്ച പോരാട്ടമാണ് ഇപ്പോള്‍ ഫം കണ്ടത്.

ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിവെച്ച സാംസ്കാരികനിലയത്തില്‍ ഒരു ക്ലബ്ബിന് വാടകയില്ലാതെ പ്രവര്‍ത്തിക്കാന്‍ നീണ്ടൂര്‍ പഞ്ചായത്ത് അനുവാദം നല്‍കിയിരുന്നു. പിന്നാലെ സ്കൂള്‍ കോമ്പൗണ്ടില്‍ സാമൂഹ്യവിരുദ്ധശല്യം വര്‍ദ്ധിക്കുകയും ചെയ്തു. ഇതോടെയാണ് അന്ന് ഹെഡ്മാസ്റ്ററായിരുന്ന പി.കെ.എബ്രഹാം പോരാട്ടത്തിന് ഇറങ്ങിയത്. സാംസ്കാരികനിലയത്തിന്‍റെ പ്രവര്‍ത്തനം സ്‌കൂള്‍ കെട്ടിടത്തില്‍ അവസാനിപ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടതിനെതുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൂട്ടിയ താഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും സംഘവും അറത്തു മാറ്റിയതോടെ വിഷയം പോലീസ് സ്റ്റേഷനിലും കോടതിയിലും എത്തി. പോലീസ് ഇടപെട്ടിട്ടും തീരാത്ത അവസ്ഥയിലേക്കുവരെ കാര്യങ്ങള്‍ എത്തിയിരുന്നു.

സാംസ്കാരികനിലയം പ്രവര്‍ത്തിക്കുന്ന സ്ഥലവും കെട്ടിടവും നീണ്ടൂര്‍ പഞ്ചായത്ത് സ്കൂളിന്‍റെ ഉടമസ്ഥതയിലുള്ളതാണ് എന്ന് സാക്ഷ്യപ്പെടുത്തി ഓണംതുരുത്ത് വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. എന്നാല്‍ വിവാദകെട്ടിടത്തിന്‍റെ ഉടമസ്ഥാവകാശം നീണ്ടൂര്‍ പഞ്ചായത്ത് സെക്രട്ടറിയ്ക്കാണെന്നായിരുന്നു സെക്രട്ടറി സാക്ഷ്യപത്രം നല്‍കിയതോടെ പ്രശ്നം അഴിയാക്കുരുക്കായി. വിദ്യാഭ്യാസവകുപ്പിന്‍റെ സ്ഥലത്ത് പണിതിരിക്കുന്ന കെട്ടിടത്തിന് എങ്ങിനെ പഞ്ചായത്ത് ഉടമയാകും എന്നായി സ്കൂള്‍ അധികൃതരുടെ ചോദ്യം. പിന്മാറാന്‍ തയ്യാറാകാതെ പി.കെ.എബ്രഹാം തദ്ദേശസ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള ഓംബുഡ്സ്മാന് മുന്നില്‍ പരാതിയുമായി എത്തുകയായിരുന്നു.

ഇതിനിടെ ഗ്രാമപഞ്ചായത്ത് നല്‍കിയ വിശദീകരണം ഒട്ടും തൃപ്തികരമല്ലെന്നും മുഖവിലയ്ക്കെടുക്കാന്‍ ആകില്ലെന്നും കഴിഞ്ഞ 14ന് ഓംബുഡ്സ്മാനുവേണ്ടി ജസ്റ്റിസ് പി.എസ്.ഗോപിനാഥന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. സ്‌കൂള്‍ കോമ്പൗണ്ടിലെ അങ്കണവാടി കെട്ടിടത്തിന് മുകളില്‍ പ്രവര്‍ത്തിക്കുന്ന ക്ലബ്ബ് അടച്ചുപൂട്ടാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഉത്തരവ് നടപ്പാക്കാന്‍ എത്തിയ അസിസ്റ്റന്‍റ് സെക്രട്ടറിയെയും സംഘത്തെയും വലിയ ജനസമൂഹം തടഞ്ഞുവെന്നാണ് ഗ്രാമപഞ്ചായത്ത് നല്‍കിയ വിശദീകരണം. എന്നാല്‍ അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ഭാവനയില്‍ വന്ന സമൂഹം ആരാണെന്നും ക്ലബ്ബ് ഏതെങ്കിലും നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്തതാണോ എന്നും വ്യക്തമാക്കിയിട്ടില്ല എന്ന് ഓംബുഡ്‌സ്മാന്‍ ചൂണ്ടികാട്ടി. സ്‌കൂള്‍ കോമ്പൗണ്ടില്‍ ക്ലബ്ബിന്‍റെ പ്രവര്‍ത്തനം എന്താണെന്നും ഒഴിപ്പിക്കാന്‍ ചെന്നപ്പോള്‍ സ്‌കൂളില്‍ വലിയ ആള്‍കൂട്ടം എങ്ങനെ ഉണ്ടായി എന്നും ചോദിച്ച ഓംബുഡ്‌സ്മാന്‍ പോലീസിന്‍റെ സഹായത്തോടെ കെട്ടിടം ഒഴിപ്പിക്കാത്തത് സെക്രട്ടറിയുടെ ക്രമക്കേട് തന്നെയെന്ന് ചൂണ്ടികാട്ടി.

അടുത്ത പഞ്ചായത്ത് കമ്മറ്റിയില്‍ വിഷയം അവതരിപ്പിച്ച് പൊതുവിദ്യാഭ്യാസഡയറക്ടറുടെ ഉത്തരവ് നടപ്പാക്കാമെന്ന് സെക്രട്ടറി ബോധിപ്പിച്ചതിനാല്‍ വിചാരണ ജനുവരി നാലിലേക്ക് മാറ്റി. കഴിഞ്ഞ 24ന് നടന്ന പഞ്ചായത്ത് കമ്മറ്റിയില്‍ വിഷയം അവതരിപ്പിച്ചെങ്കിലും ഓംബുഡ്സ്മാന്‍റെ വിധിപകര്‍പ്പ് കിട്ടിയില്ല എന്ന കാരണം പറഞ്ഞ് അടുത്ത കമ്മറ്റിയിലേക്ക് മാറ്റി. വിധിപകര്‍പ്പ് ഇന്ന് കിട്ടിയ സാഹചര്യത്തില്‍ ജനവരി നാലിന് മുമ്പേ അടിയന്തിരകമ്മറ്റി വിളിച്ച് വിഷയത്തില്‍ തീരുമാനമെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ.പ്രദീപ് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K