24 December, 2021 03:45:19 PM


വാഗ്ദാനങ്ങള്‍ 'ഒലിച്ചുപോയി'; കുടിവെള്ളം കിട്ടാക്കനിയായി നാല്‍പ്പതോളം കുടുംബങ്ങള്‍



കോട്ടയം: കോട്ടയം നഗരസഭയുടെ മൂന്നാം വാര്‍ഡിലുള്‍പ്പെട്ട പാറമ്പുഴ പൊന്നാറ്റിന്‍പാറ ഭാഗത്ത് കുടിവെള്ളം കിട്ടാക്കനിയായി നാല്‍പ്പതോളം കുടുംബങ്ങള്‍. വാര്‍ഡിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ ഇവിടെ ആകെയുള്ളത് കൈവിരലില്‍ എണ്ണാവുന്നത്ര കിണറുകള്‍. പക്ഷെ പ്രദേശത്തെ എല്ലാവര്‍ക്കും വെള്ളം ലഭിക്കുവാന്‍ ഈ കിണറുകള്‍ മതിയാവില്ല. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ മുന്നൂറ് മീറ്റര്‍ താഴെ വരെയെത്തുന്നുണ്ട്. ഇതുകൊണ്ടും നാട്ടുകാര്‍ക്ക് പ്രയോജനമില്ല. 


വേനലില്‍ നഗരസഭ എല്ലാ വാര്‍ഡിലും ലോറിയില്‍ കുടിവെള്ളം എത്തിക്കുന്നുണ്ട്. എന്നാല്‍ പൊന്നാറ്റിന്‍പാറയില്‍ ലോറിവെള്ളം എത്തുന്നത് വല്ലപ്പോഴും മാത്രം. സ്വകാര്യവ്യക്തികള്‍ ലോറിയില്‍ കൊണ്ടുവരുന്ന വെള്ളത്തിനാണെങ്കില്‍ തീവിലയും. ആയിരം മുതല്‍ തോന്നുംപടിയാണ് സ്വകാര്യഏജന്‍സികള്‍ വെള്ളത്തിന് വിലയീടാക്കുന്നത്. 


മലയിറങ്ങി ഏറെ നടന്നുചെന്നാല്‍ താഴെ ഒരു വീട്ടില്‍ നിന്നും വെള്ളം ശേഖരിക്കാം. പക്ഷെ കടുത്ത വേനലില്‍ ഒരു വീട്ടുകാര്‍ക്ക് രണ്ട് കുടം വെള്ളം വെച്ച് നല്‍കുവാനേ അവര്‍ക്കും സാധിക്കുന്നുള്ളു. പക്ഷെ കോവിഡ് പടര്‍ന്നതോടെ ഇതും സാധിക്കാതായി. ഇവിടെ താമസിക്കുന്നവരില്‍ നല്ലൊരു ഭാഗവും  കൃത്യമായ വരുമാനമില്ലാത്തവരാണ്. കോവിഡില്‍ പണിയില്ലാതായതോടെ വെള്ളം വിലകൊടുത്ത് വാങ്ങുക എന്നതും ബുദ്ധിമുട്ടായി.


ഇരുപത്തഞ്ച് വര്‍ഷം മുമ്പ് വാട്ടര്‍ അതോറിറ്റി ഇവിടെ മൂന്ന് ടാപ്പുകള്‍ സ്ഥാപിച്ചു. പക്ഷെ വെള്ളം വന്നത് രണ്ടോ മൂന്നോ ദിവസം മാത്രം. അതും നൂല്‍ വണ്ണത്തില്‍. ഉയര്‍ന്ന പ്രദേശമായതിനാല്‍ വെള്ളം അടിച്ചുകയറ്റുന്നതിനുള്ള മര്‍ദ്ദം മോട്ടോറിനില്ല എന്നായിരുന്നു അന്ന് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പൊന്നാറ്റിന്‍പാറയേക്കാള്‍ ഉയര്‍ന്നതും തൊട്ടടുത്ത  പ്രദേശവുമായ പുല്‍പ്പാറയില്‍ ഇപ്പോഴും പൈപ്പിലൂടെ വെള്ളമെത്തിക്കുന്നതായി പ്രദേശവാസികള്‍ ചൂണ്ടികാട്ടുന്നു. ഇവിടെയുണ്ടായിരുന്ന ടാപ്പുകളാകട്ടെ അധികൃതര്‍ തന്നെ ഊരിയെടുത്ത് മറ്റെവിടെയോ സ്ഥാപിക്കുകയും ചെയ്തു.


ഇതിനിടെയാണ് പൊന്നാറ്റിന്‍പാറയുടെ മുകളില്‍ പുറമ്പോക്ക് സ്ഥലത്ത് ജലസംഭരണി നിര്‍മ്മിച്ചുകൊണ്ടുള്ള കുടിവെള്ളപദ്ധതി ആവശ്യപ്പെട്ട് ജനങ്ങള്‍ രംഗത്തെത്തിയത്. ജനങ്ങളുടെ ഈ ആവശ്യം മാറി മാറി വരുന്ന ഭരണകര്‍ത്താക്കളുടെ സ്ഥിരം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായി മാറി. പക്ഷെ പൊന്നാറ്റിന്‍പാറയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതി മാത്രം എങ്ങുമെത്തിയില്ല. മീനച്ചിലാറിന്‍റെ തീരത്ത് കുഴിചാലിപ്പടി ഭാഗത്ത് കിണര്‍ കുഴിച്ച് അവിടെ നിന്നും വെള്ളം പൊന്നാറ്റിന്‍പാറയില്‍ സ്ഥാപിക്കുന്ന ജലസംഭരണിയില്‍ എത്തിച്ച് അവിടെനിന്നും വിതരണം ചെയ്യാനുള്ള പദ്ധതിയാണ് നാട്ടുകാര്‍ മുന്നോട്ട് വെച്ചത്. 


മുറവിളി കൂടുമ്പോഴൊക്കെ അധികൃതര്‍ സ്ഥലത്തെത്തി ഇടാന്‍ പോകുന്ന പൈപ്പിനുള്ള അളവൊക്കെ എടുത്ത് തങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്നാണ് പ്രദേശവാസികളുടെ പരാതി. ഈ പ്രദേശം കുമാരനല്ലൂര്‍ പഞ്ചായത്ത് ആയിരുന്ന കാലത്തു തുടങ്ങിയ ആവശ്യത്തിന് ഇതുവരെ അനുകൂലമായ നീക്കം ഉണ്ടാകാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പലവട്ടം സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K