27 November, 2021 11:19:08 PM


കുറുവാസംഘം ഏറ്റുമാനൂരിലും: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ്



ഏറ്റുമാനൂർ: അതിരമ്പുഴ പഞ്ചായത്തിലെ തൃക്കേൽ - മനയ്കപ്പാടം ഭാഗങ്ങളിൽ കഴിഞ്ഞ രാത്രിയിൽ മോഷണശ്രമം. ആറു വീടുകളിലാണ് മോഷണശ്രമമുണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നിനും 3:30നും ഇടയിലാണ് മോഷണശ്രമം.  തമിഴ്നാട് തിരുട്ടു ഗ്രാമത്തിൽ നിന്നും വരുന്ന കുറുവാസംഘം എന്നറിയപ്പെടുന്ന തസ്‌കരൻമാർ രാത്രിയില്‍ നിരത്തിലൂടെ നീങ്ങുന്ന ദൃശ്യങ്ങൾ സി സി ടി വി ക്യാമറയിൽ പതിഞ്ഞു.

ആറാം വാര്‍ഡ് തൃക്കേല്‍ ക്ഷേത്രത്തിന്റെ സമീപം നലീഫ മന്‍സില്‍ യാസിറിന്റെ ഭാര്യയുടെ മെറ്റല്‍ പാദസരം സ്വര്‍ണത്തിന്റേതെന്ന് കരുതി അപഹരിച്ചു. ഏഴാം വാര്‍ഡിലെ യാസ്മിന്റെ വീടിന്റെ വാതില്‍ മോഷ്ടാക്കള്‍ കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു. ശബ്ദം വെച്ചതോടെ സംഘം കടന്നു. ഏറ്റുമാനൂര്‍ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

വടിവാള്‍, കോടാലി ഉള്‍പ്പെടെ മാരകായുധങ്ങളുമായി, അടിവസ്ത്രം മാത്രം ധരിച്ച സംഘത്തെയാണു സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത്. മോഷണ ശ്രമത്തിനു ശേഷം ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്കാണ് ഇവര്‍ പോയത്. കൊടിയ കുറ്റവാളികളും  ക്രൂരൻമാരുമായ ഇവർ തങ്ങളുടെ ലക്ഷ്യം നിറവേറ്റുവാൻ കൊലപാതകങ്ങൾ പോലും നടത്താൻ മടിയില്ലാത്തവർ ആണത്രെ. ഈ വിഷയം പഞ്ചായത്ത്‌ ഭരണ സമിതി ഏറ്റുമാനൂർ സ്റ്റേഷൻ ഹൌസ് ഓഫീസറുടെ ശ്രദ്ധയിൽപെടുത്തുകയും ജനങ്ങളുടെ അറിവിലേക്കായി പോലീസ് ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. ജനങ്ങൾ ഈ കാര്യത്തിൽ പാലിക്കേണ്ട മുൻകരുതലുകൾ  അറിയിക്കുവാൻ വാർഡുകളിൽ മൈക്ക് അനൗൺസ്മെന്റ് ആരംഭിച്ചു.



അടഞ്ഞു കിടക്കുന്ന വാതിലിനു  പിറകിൽ ആയി ഒന്നിലധികം അലുമിനിയം പാത്രങ്ങൾ അടുക്കി വയ്ക്കുക (വാതിലുകൾ കുത്തി തുറന്നാൽ ഈ പാത്രം മറിഞ്ഞു വീണു ഉണ്ടാകുന്ന ശബ്ദം കേട്ടു ഉണരാൻ സാധിക്കും). വാർഡുകളിൽ ചെറുപ്പകാരുടെ നേതൃത്വത്തിൽ ചെറിയ സംഘങ്ങൾ ആയി തിരിഞ്ഞു സ്‌ക്വാഡ് പ്രവർത്തനം നടത്തുക.

അനാവശ്യമായി വീടുകളിൽ  എത്തിചേരുന്ന ഭിക്ഷക്കാർ, ചൂല്  വില്പനകാർ, കത്തി കാച്ചികൊടുക്കുന്നവർ തുടങ്ങിയ വിവിധ രൂപത്തിൽ വരുന്ന ആളുകളെ  കർശനമായി അകറ്റി നിർത്തുക. അസമയത് എന്തെങ്കിലും സ്വരം കേട്ടാൽ ഉടൻ ലൈറ്റ് ഇടുക തിടുക്കത്തിൽ വാതിൽ തുറന്നു വെളിയിൽ ഇറങ്ങാതിരിക്കുക. അയല്പക്കത്തെ ആളുകളുടെ ഫോൺ നമ്പറും അടുത്തുള്ള പോലീസ് സ്റ്റേഷൻ നമ്പറും കൃത്യമായി ഫോണിൽ സേവ് ചെയുക.

ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ: 9497931936 
ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ: 0481-2597210
കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ :
04822 - 230 323




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 8.9K