22 November, 2021 07:49:06 PM
ജനകീയാസൂത്രണത്തിലൂടെ വിപ്ലവകരമായ മുന്നേറ്റം സാധ്യമാക്കി - മന്ത്രി വി.എന്‍. വാസവന്‍
കോട്ടയം ജനകീയാസൂത്രണത്തിൻ്റെ ഭാഗമായി ജനപങ്കാളിത്തതോടെ നടപ്പാക്കിയ വികസന പദ്ധതികള്‍ കേരളത്തിൽ വിപ്ലവകരമായ മുന്നേറ്റം സാധ്യമാക്കിയതായി മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ജനകീയാസൂത്രണം രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ ആസൂത്രണ സമിതി സംഘടിപ്പിച്ച പ്രശ്‌നോത്തരി മത്സരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പദ്ധതിയുടെ ഗുണഫലങ്ങൾ സാമ്പത്തിക, സാമൂഹിക , സാംസ്‌കാരിക രംഗങ്ങളില്‍ വൻ മാറ്റങ്ങൾ സൃഷ്ടിക്കുകയും ഉത്പാദന രംഗം സാമൂഹികവത്ക്കരിക്കപ്പെടുകയും ചെയ്തു. ജനാധിപത്യം അര്‍ഥപൂര്‍ണ്ണമായത് ജനകീയാസൂത്രണത്തെ തുടർന്നാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി അധ്യക്ഷത വഹിച്ചു.
നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ , ആസൂത്രണ സമിതി അംഗങ്ങളായ സുധ കുര്യന്‍, മഞ്ചു സുജിത്ത്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി അജയന്‍ കെ.മേനോന്‍, പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജര്‍ ധീരജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യു സ്വാഗതവും ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ സി.എന്‍. സുഭാഷ് നന്ദിയും പറഞ്ഞു. തുടർന്നു നടന്ന പ്രശ്നോത്തരി മത്സരത്തിൽ വിവിധ തദ്ദേശ സ്ഥാപന ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന 63 ടീമുകള്‍ പങ്കെടുത്തു. ജില്ലാ ഫെസിലിറ്റേറ്റര്‍ ബിന്ദു അജി, മുന്‍ പ്ലാനിംഗ് ഓഫീസര്‍ സുരേഷ് ബാബു, എസ് ആര്‍ ജി അംഗം എസ്. ജമാല്‍ എന്നിവര്‍ മത്സരത്തിന് നേതൃത്വം നല്‍കി.
കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന് ഒന്നാംസ്ഥാനം
ജനകീയാസൂത്രണത്തിൻ്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തദ്ദേശ സ്ഥാപന ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരേയും പങ്കെടുപ്പിച്ചു കൊണ്ട് ജില്ലാ ആസൂത്രണ സമിതി സംഘടിപ്പിച്ച പ്രശ്‌നോത്തരി മത്സരത്തിൽ കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം നേടി. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജനകീയാസൂത്രണത്തിൻ്റെ 25 വർഷത്തെ ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രശ്നോത്തരിയുടെ പ്രാഥമിക റൗണ്ടിൽ 63 ടീമുകൾ മാറ്റുരച്ചു. ഇതിൽ ഉയർന്ന മാർക്ക് നേടിയ ആറ് ടീമുകളാണ് അവസാന റൗണ്ടിൽ മത്സരിച്ചത് . മൂന്ന് സ്ഥാനങ്ങൾ നേടിയ ഗ്രാമ പഞ്ചായത്തുകൾക്ക് പുറമേ ഭരണങ്ങാനം, ചെമ്പ്, കൊഴുവനാൽ എന്നിവയാണ് അവസാന റൗണ്ട് മത്സരത്തിൽ പങ്കെടുത്തത്.