18 November, 2021 04:34:59 PM
പത്താം വര്‍ഷവും സോമന്‍ ആചാരി മലചവിട്ടുന്നു; 1008 നെയ് തേങ്ങകളുമായി
ഏറ്റുമാനൂര്‍: ഈ മണ്ഡലകാലത്ത് 1008 നെയ്‌ത്തേങ്ങയുമായി ശബരിമലയ്ക്ക് പോകാനൊരുങ്ങുകയാണ് കോട്ടയം നീണ്ടൂര്‍ വെള്ളാപ്പള്ളിയിൽ സോമന്‍ ആചാരി. കഴിഞ്ഞ 28 വര്‍ഷമായി മുടങ്ങാതെ മല ചവിട്ടുന്ന ഇദ്ദേഹം 2012 ലാണ് കൂടുതല്‍ നെയ്തേങ്ങയുമായി ആദ്യമായി മല ചവിട്ടിയത്. മലയ്ക്ക് പോകാന്‍ സാധിക്കാത്ത ഭക്തര്‍ നിറച്ചു നല്‍കിയ തേങ്ങകളുള്‍പ്പെടെ ആദ്യയാത്രയിൽ 106 മുദ്രകളുള്ള ഇരുമുടിക്കെട്ടുമായിട്ടായിരുന്നു ശബരിമല ദർശനം.
തുടർന്ന് ഓരോവർഷവും നെയ്തേങ്ങകളുടെ എണ്ണം കൂടി കൂടി കഴിഞ്ഞ വര്‍ഷം അത് 1007 വരെയായി. 2019ല്‍ 806 തേങ്ങകള്‍ സ്വയം ചുമന്നാണ് സോമന്‍ ആചാരി ശബരിമല ദര്‍ശനം നടത്തിയത്. ഈ യാത്രക്കാവശ്യമായ തേങ്ങകൾ ഒറ്റ തെങ്ങിൽ നിന്ന് ലഭിച്ചിരുന്നതായി സോമന്‍ ആചാരി ഓര്‍ക്കുന്നു. വൃശ്ചികം എട്ടിന് രാവിലെ എട്ട് മണിക്ക് നീണ്ടൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നിന്നും കെട്ടുനിറച്ച് ശബരിമല ദര്‍ശനത്തിന് പുറപ്പെടും.
ശബരിമല മുൻ മേൽശാന്തി ശങ്കരൻ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് കെട്ടുനിറയ്ക്കല്‍ ചടങ്ങുകള്‍ നടക്കുക. മന്ത്രി വി.എന്‍.വാസവനും മുദ്ര നിറയ്ക്കാന്‍ എത്തും. മുന്‍ വര്‍ഷങ്ങളില്‍ മോന്‍സ് ജോസഫ് എംഎല്‍എ, തോമസ് ചാഴികാടന്‍ എന്നിവരും ക്ഷേത്രത്തില്‍ എത്തി മുദ്ര നിറച്ചിരുന്നു. നീണ്ടൂർ സുബ്രഹ്മണ്യസ്വാമിയുടെ ഭക്തനും സ്വര്‍ണ്ണപ്പണിക്കാരനുമായ സോമനാചാരി നാട്ടിലെ അറിയപ്പെടുന്ന പാമ്പുപിടിത്തക്കാരന്‍ കൂടിയാണ്. നാട്ടിൽ ഭീതിപരത്തിയ അനവധി പാമ്പുകളെ പിടികൂടി വനത്തിൽ വിട്ടയച്ചതിന് സോമനാചാരിക്ക് ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.