16 November, 2021 08:39:48 PM
ഏറ്റുമാനൂരില്‍ ജലപരിശോധന: വ്യാപാരികള്‍ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കണം
ഏറ്റുമാനൂര്‍: ശബരിമല തീര്‍ത്ഥാടകരുടെ ഇടത്താവളമായ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രപരിസരത്തും നഗരത്തിലാകെയും പട്ടിത്താനം കവല മുതല്‍ ടൗണ്‍വരെയും ചായ, കാപ്പി, ജ്യൂസ് എന്നിവ ഉള്‍പ്പെടെ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാരികള്‍ തങ്ങളുടെ സ്ഥാപനത്തില്‍ ഉപയോഗിക്കുന്ന ജലം പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതര്‍ അറിയിച്ചു.
നവംബര്‍ 18ന് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനാലാബ് ഏറ്റുമാനൂര്‍ വ്യാപാരഭവനില്‍ പ്രവര്‍ത്തിക്കും. ഒരു ലിറ്റര്‍ ജലസാമ്പിളും സ്ഥാപനത്തിന്റെ ലൈസന്‍സും തിരിച്ചറിയല്‍ രേഖയും സഹിതം രാവിലെ 9.30നും 12 മണിക്കുമിടയില്‍ വ്യാപാരികള്‍ പരിശോധനയ്ക്ക് എത്തേണ്ടതാണെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് എന്‍.പി.തോമസ് അറിയിച്ചു. നിലവിലെ പരിശോധനാ സര്‍ട്ടിഫിക്കറ്റിന് കാലാവധി ഉള്ളവരും ജലം പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.