13 November, 2021 05:37:29 PM
മുപ്പത്തേഴ് വര്‍ഷത്തിനുശേഷം കണ്ടുമുട്ടിയ സഹപാഠികള്‍ 37 തൈകള്‍ നട്ട് ഓര്‍മ്മ പുതുക്കി
ഏറ്റുമാനൂര്‍: മുപ്പത്തേഴ് വര്‍ഷം കൂടി സഹപാഠികള്‍ കണ്ടുമുട്ടിയത് ഒട്ടേറെ പുതുമകളുമായി. തങ്ങളുടെ സമാഗമത്തിന്‍റെ ഓര്‍മ്മയ്ക്കായി ഔഷധസസ്യങ്ങള്‍ ഉള്‍പ്പെടെ അവര്‍ മുപ്പത്തേഴ് വൃക്ഷതൈകള്‍ നട്ടു. ഹൈസ്കൂളില്‍ മൂന്നു ക്ലാസുകളിലും തങ്ങളെ മാതൃഭാഷ പഠിപ്പിച്ച അധ്യാപകനെ കൊണ്ട് യോഗം ഉദ്ഘാടനം ചെയ്യിച്ചു. അതും ഓണ്‍ലൈനിലൂടെ.
നട്ടാശ്ശേരി എസ് എച്ച് മൗണ്ട് ഹൈസ്കൂളില്‍ 1984ല്‍ എസ്എസ്എല്‍സിയ്ക്ക് ഒന്നിച്ചുപഠിച്ചവരാണ് 37 വര്‍ഷത്തിനുശേഷം ഏറ്റുമാനൂരില്‍ ഒന്നിച്ചുചേര്‍ന്നത്. 'ഒന്നാണ് നമ്മള്‍' എന്ന പേരില്‍ കഴിഞ്ഞ ജൂണില്‍ രൂപീകൃതമായ വാട്സ് ആപ്പ് കൂട്ടായ്മയിലൂടെയാണ് നാട്ടിലും വിദേശത്തും വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന സഹപാഠികള്‍ കഴിഞ്ഞ ദിവസം മുഖാമുഖം കണ്ടത്. പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടി തന്നെ വിദേശത്ത്നിന്നുംപോലും എത്തിയവരുമുണ്ട്.
എഴുപത് പേരാണ് നിലവില്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളായുള്ളത്. സംസ്ഥാനത്തിനുവെളിയിലും വിദേശത്തുമുള്‍പ്പെടെ പരിപാടിയില്‍ പങ്കെടുക്കാനാകാതെ വന്നവര്‍ക്കായി തത്സമയസംപ്രേക്ഷണവും നടത്തിയിരുന്നു. 8 മുതല്‍ 10 വരെ ക്ലാസുകളില്‍ മലയാളം പഠിപ്പിച്ച അധ്യാപകന്‍ തൊടുപുഴ സ്വദേശി കെ.യു.മാത്യു സൗദി അറബ്യയിലായിരുന്നുവെങ്കിലും അവിടെനിന്ന് ഓണ്‍ലൈനില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
സിബി ജോസഫ് അധ്യക്ഷനായിരുന്നു. ജയ് ജോണ്‍, ജോണ്‍സി കുരുവിള, പി.ബി.സന്തോഷ് കുമാര്‍, ബി.സുനില്‍കുമാര്‍, സ്റ്റീഫന്‍ മാണി, ഷിബു ജനാര്‍ദ്ദനന്‍, അനില്‍ പി.വി. തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കോട്ടയം സുരേഷ്, കെ.എം.ബാബു, മനോജ്, സുനില്‍ ആര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംഗീതപരിപാടിയും അരങ്ങേറി.