13 November, 2021 04:54:48 PM
മണര്‍കാട് ബൈപ്പാസ് റോഡില്‍ കുഴികള്‍: അപകടങ്ങൾ പതിവായി; വാഴ നട്ട് നാട്ടുകാർ
ഏറ്റുമാനൂർ: റോഡ് മുഴുവൻ കുഴികളായി അപകടങ്ങൾ പതിവായതോടെ നാട്ടുകാർ തങ്ങളുടെ പ്രതിഷേധമറിയിച്ചത് റോഡിന്റെ മധ്യത്തിൽ വാഴ നട്ട്. രണ്ടു വർഷം മുമ്പ് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നാടിന് സമര്‍പ്പിച്ച ഏറ്റുമാനൂർ - മണർകാട് ബൈപ്പാസ് റോഡിൽ പേരൂർ പൂവത്തുംമൂട് കവലയിൽ രൂപം കൊണ്ട ഗട്ടറുകളിലാണ് വാഴ നട്ട് നാട്ടുകാർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.
കിഴക്കൻ മേഖലയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജ്, ഐ സിഎച്ച് എന്നീ ആശുപത്രികളിലേക്കും തെള്ളകം, ചേർപ്പുങ്കൽ, എറണാകുളം ഭാഗങ്ങളിലുള്ള വിവിധ ആശുപത്രികളിലേക്കും ഉൾപ്പെടെ നിരന്തരം ആംബുലൻസുകൾ ഇടതടവില്ലാതെ കടന്നുപോകുന്ന പൂവത്തുംമൂട് കവലയിൽ ഇതിനോടകം ഉണ്ടായ അപകടങ്ങൾക്ക് കയ്യും കണക്കുമില്ല. ഇരുചക്രവാഹനയാത്രികരാണ് അപകടങ്ങളില്‍ ഇരകളാകുന്നവരില്‍ ഏറെയും. മീനച്ചിലാർ കടന്ന് പേരൂരിലേക്ക് കടക്കുന്നതേ നാലു വഴികൾ സംഗമിക്കുന്ന കവലയിലേക്കാണ്. ഈ കവലയുടെ മധ്യത്തിലാണ് മരണക്കെണിയായി വൻകുഴികൾ രൂപം കൊണ്ടത്.
മൂന്നര പതിറ്റാണ്ട് മുമ്പ് വിഭാവന ചെയ്ത മണര്‍കാട് - പട്ടിത്താനം ബൈപാസ് ഇനിയും പൂര്‍ത്തിയായിട്ടില്ല. രണ്ടു ഘട്ടങ്ങളായാണ് മണര്‍കാട് മുതല്‍ ഏറ്റുമാനൂര്‍ പട്ടിത്താനം വരെയുള്ള പണികള്‍ നടത്താനിരുന്നത്. പൂവത്തുമൂട് വരെയുള്ള ആദ്യ ഘട്ടം വര്‍ഷങ്ങള്‍ക്കു മുന്‍പേ തീര്‍ന്നിരുന്നു. ഇതില്‍ മീനച്ചിലാറിനു കുറുകെയുള്ള പാലവും ഉള്‍പ്പെട്ടിരുന്നു. പാറകണ്ടത്ത് പാലാ റോഡില്‍നിന്നും ആരംഭിച്ച് പട്ടിത്താനം റൌണ്ടാനയില്‍ സമാപിക്കുന്ന 1.79 കിലോമീറ്റര്‍ ദൂരം റോഡിന്‍റെ പണികള്‍ ഇഴഞ്ഞിഴഞ്ഞ് നടന്നുവരികയാണ്.
അനന്തമായി നീണ്ട തുടര്‍പണികള്‍ നാല് വര്‍ഷം മുമ്പ് ആരംഭിച്ചെങ്കിലും പാലാ റോഡില്‍ പാറകണ്ടത്തില്‍ അവസാനിപ്പിക്കുവാനായിരുന്നു തീരുമാനം. ബൈപാസ് പാലാ റോഡില്‍ സംഗമിച്ചതോടെ റോഡിലൂടെയുള്ള വാഹനഗതാഗതം ഇരട്ടിയിലധികമായി. എം.സി.റോഡിലൂടെ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശ്ശേരി നഗരങ്ങളിലെ കുരുക്കൊഴിവാക്കി തിരുവല്ലയില്‍ എത്താനായി. ഒപ്പം കിഴക്കന്‍ പ്രദേശങ്ങലിലേക്കുള്ള വാഹനങ്ങള്‍ക്കും ഗതാഗതം സുഗമമായി. ഇതിനിടെയാണ് റോഡില്‍ രൂപംകൊണ്ട കുഴികള്‍ അപകടക്കെണിയായത്.