07 November, 2021 06:53:21 PM


ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം ഉപദേശകസമിതി പിരിച്ചു വിടണം; ഭക്തജനങ്ങള്‍ രംഗത്ത്



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉപദേശകസമിതിക്കെതിരെ ഒരു വിഭാഗം ഭക്തജനങ്ങള്‍ രംഗത്ത്. ദേവസ്വം നിയമാവലികള്‍ കാറ്റില്‍ പറത്തി കോടതിയെ തെറ്റിദ്ധരിപ്പിച്ച് കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി തുടരുന്ന ഉപദേശകസമിതി ക്ഷേത്രത്തിനു തന്നെ കളങ്കം വരുത്തിയിരിക്കുകയാണെന്ന് ഭക്തജനങ്ങളുടെ കൂട്ടായ്മയായ ഭക്തജനഏകോപന സമിതി ഭാരവാഹികള്‍ ആരോപിച്ചു. ഉപദേശകസമിതി പിരിച്ചുവിട്ട് ഉടന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുന്ന ഇവര്‍ ക്ഷേത്രപരിസരമാകെ പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തുകഴിഞ്ഞു.

ദേവസ്വം നിയമാവലി പ്രകാരം എല്ലാ ക്ഷേത്രങ്ങളിലും രണ്ട് വര്‍ഷം കൂടുമ്പോള്‍ ഉപദേശകസമിതി തിരഞ്ഞെടുപ്പ് നടക്കേണ്ടതാണ്.  ക്ഷേത്രത്തിലെ വികസനപ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ച് അനിശ്ചിതമായി ഇവര്‍ ഭരണത്തില്‍ തുടരുന്നത്. അതേസമയം ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തേണ്ട  വികസനപ്രവര്‍ത്തനങ്ങള്‍ എല്ലാം മുരടിച്ചിരിക്കുകയാണ്. ചോദ്യം ചെയ്യുന്നവരെ ഭീഷണികള്‍ ഉയര്‍ത്തി ഒതുക്കുന്നത് സ്ഥിരം ശൈലിയാക്കിയ ഉപദേശകസമിതി ഭക്തര്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കുവാന്‍ ശ്രമിക്കുകയാണെന്നും ഭക്തജന ഏകോപനസമിതി യോഗം ആരോപിച്ചു.

ക്ഷേത്രത്തില്‍ ദുര്‍നിമിത്തങ്ങള്‍ ഏറെയുണ്ടായിട്ടും ദേവപ്രശ്നം നടത്താനോ പരിഹാരക്രീയകള്‍ നടത്താനോ ഇവര്‍ തയ്യാറാവുന്നില്ല. തിരുവാഭരണമാല നഷ്ടപ്പെട്ട സംഭവത്തില്‍ ഭക്തരെ തെറ്റിദ്ധരിപ്പിക്കുന്ന നയമാണ് ഉപദേശകസമിതി കൈകൊണ്ടത്. ഹൈക്കോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മീഷനും മാറിമാറി വരുന്ന ദേവസ്വം ഉദ്യോഗസ്ഥരും ഉപദേശകസമിതിയുടെ കൊള്ളരുതായ്മകള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും ഭക്തജനങ്ങളുടെ യോഗം കുറ്റപ്പെടുത്തി. അഡ്വ ബി.ജയചന്ദ്രന്‍ (പ്രസിഡന്‍റ്), കെ.രാജഗോപാല്‍ (ജനറല്‍ സെക്രട്ടറി), പി.പി.ബൈജു (വൈസ് പ്രസി), എം.എസ്.വിനോദ് (ജോ.സെക്രട്ടറി), എം.രാജന്‍ (ട്രഷറര്‍), സഹസ്രനാമ അയ്യര്‍, ആര്‍ ഗണേശ്, വി.ജി.നന്ദകുമാര്‍ എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K