05 November, 2021 08:03:46 PM
തിരുവാറ്റ പാലത്തിന്‍റെ അപ്രോച്ച് റോഡിന്‍റെ വീതിക്കുറവ് പരിഹരിക്കാന്‍ നിര്‍ദ്ദേശം
കോട്ടയം: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ തിരുവാറ്റ- കല്ലുമട റോഡ് ആധുനിക രീതിയിൽ നവീകരിക്കുന്നതിന്‍റെ ഉദ്ഘാടനം അയ്മനം മരിയാത്തുരുത്ത് എൻ.എസ്.എസ്. കരയോഗ മന്ദിരത്തിൽ മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. നാലു കോടി രൂപ ചെലവിൽ 2.8 കിലോമീറ്ററാണ് നവീകരിക്കുന്നത്.
തിരുവാറ്റ പാലത്തിന്‍റെ അപ്രോച്ച് റോഡിന്‍റെ വീതിക്കുറവ് മൂലം ഉണ്ടാകുന്ന വാഹന ഗതാഗത ബുദ്ധിമുട്ടിന് പരിഹാരമായി പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള സ്ഥലമുപയോഗിച്ച് അപ്രോച്ച് റോഡിന്‍റെ വീതി കൂട്ടാനുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദ്ദേശിച്ചു. നിർമാണ പ്രവർത്തനം തുടങ്ങുമ്പോൾ ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരമാവധി കുറച്ച് റോഡിന്റെ പുനർ നിർമാണം എത്രയും വേഗം പൂർത്തീകരിക്കണമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.
അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സബിത പ്രേംജി അധ്യക്ഷയായിരുന്നു. തോമസ് ചാഴികാടൻ എം. പി. മുഖ്യപ്രഭാഷണം നടത്തി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്യരാജൻ, ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ്കമ്മിറ്റി ചെയർമാൻ കെ.ആർ. ജഗദീശ്, ഗ്രാമപഞ്ചായത്തംഗങ്ങളായ മിനിമോൾ മനോജ്, പി.ജി പ്രസന്നകുമാരി എന്നിവർ പങ്കെടുത്തു.