03 November, 2021 06:45:11 PM
കോട്ടയം പേരൂരില്‍ 220 കെവി വൈദ്യുതി ലൈന്‍ താഴെവീണ് വന്‍നാശനഷ്ടം
ഏറ്റുമാനൂര്‍: ബുധനാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ ഇടിമിന്നലിലും മഴയിലും 220 കെവി വൈദ്യുതിലൈന്‍ ടവറില്‍നിന്നും താഴെവീണ് പേരൂരില്‍ വന്‍ നാശനഷ്ടം. പേരൂര്‍ ചാമേലിക്കുഴിക്കും കാനാട്ടുതുണ്ടം ജംഗ്ഷനും സമീപം വൈഎംസിഎ ഭാഗത്തുള്ള 41 -ാം നമ്പര്‍ ടവറില്‍നിന്നാണ് കമ്പി താഴെ വീണത്. പൂവന്‍തുരുത്തില്‍നിന്നും എറണാകുളം കളമശ്ശേരിയിലേക്കുള്ള വൈദ്യുതിലൈനില്‍ ഏഴ് കമ്പികളില്‍ താഴത്തെ കമ്പിയാണ് സസ്പെന്‍ഷന്‍ ഇന്‍സിലേറ്ററിലെ ഡിസ്ക് പൊട്ടി താഴെവീണത്. നാലര മണിയോടെയാണ് അപകടം.
വീടുകള്‍ക്ക് മുകളിലേക്ക് തീഗോളമായി ലൈന്‍ വീഴുന്നത് കണ്ട് ആളുകള്‍ ഇറങ്ങിയോടി. ഓരോ കമ്പിയും പതിനൊന്ന് ഡിസ്കുകളുള്ള സസ്പെന്‍ഷന്‍ ഇന്‍സിലേറ്ററിലാണ് തൂങ്ങി കിടക്കുന്നത്. ഇതില്‍ ഏറ്റവും താഴത്തെ ഇന്‍സിലേറ്ററാണ് ഇടിമിന്നലില്‍ തകര്‍ന്നു വീണത്. കമ്പി താഴോട്ടുവീണ സമയംതന്നെ ഓട്ടോമാറ്റിക്കായി വൈദ്യുതിബന്ധം നിലച്ചതിനാല്‍ ആളപായം ഉണ്ടായില്ല.
അഗ്നിയോടുകൂടി ലൈന്‍ പൊട്ടിവീണതിന്‍റെ ആഘാതത്തില്‍ ഒട്ടേറെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കാര്‍ഷികവിളകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു. വട്ടമറ്റത്തില്‍ കുഞ്ഞുമോന്‍, പുഴക്കരയില്‍ സാബു, പുഴക്കരയില്‍ അച്ചന്‍കുഞ്ഞ് തുടങ്ങി ഒട്ടേറെ പേരുടെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തച്ചനാട്ടില്‍ ബിജുവിന്‍റെ ഉടമസ്ഥതയിലുള്ള സത്യം ട്രേഡേഴ്സിലെ കമ്പൂട്ടറുകളും മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങളും കേടായി. അപകടത്തില്‍ വീടുകളിലേക്കുള്ള വൈദ്യുതിവിതരണകമ്പികളും പൊട്ടിവീണു. ഇതേതുടര്‍ന്ന് സമീപപ്രദേശങ്ങളിലെ വീടുകളിലെ ഇലക്ടോണിക്സ്, ഇലക്ട്രിക് ഉപകരണങ്ങളും തകരാറിലായി. കളമശ്ശേരിയില്‍നിന്നുള്ള വിദഗ്ധസംഘം സ്ഥലത്തെത്തി പണികള്‍ ആരംഭിച്ചുണ്ട്.