31 October, 2021 12:47:09 PM
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം ആസ്ഥാന മണ്ഡപം ചെമ്പ് പൊതിയാൻ നീക്കം; സൗരോർജ പ്ലാന്റും സ്ഥാപിക്കും
ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഏഴരപൊന്നാന ദർശനം നടക്കുന്ന ആസ്ഥാന മണ്ഡപം ചെമ്പ് പൊതിയുന്ന പദ്ധതി നടപ്പാക്കാനുള്ള തീരുമാനവുമായി ദേവസ്വം ബോർഡ്.
വൈദ്യുതിക്കായി ക്ഷേത്രപരിസരത്തു സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള സാധ്യതാ പഠനവും ബോർഡ് ആരംഭിച്ചു. ശബരിമലയിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനു പിന്നാലെയാണ് ഏറ്റുമാനൂർ ക്ഷേത്രത്തിലും സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുക.
ഇതുമായി ബന്ധപ്പെട്ട് 25 ലക്ഷം രൂപ ചെലവു വരുന്ന സോളർ പ്ലാന്റിന്റെ പ്രാഥമിക റിപ്പോർട്ട് ദേവസ്വം ബോർഡ് വൈദ്യുതി വിഭാഗം തയാറാക്കി. ബോർഡിനു പ്ലാന്റ് നിർമിക്കാനുള്ള സാമ്പത്തിക ശേഷിയില്ല . സ്പോൺസർമാർ വഴി ആവശ്യമായ ഫണ്ട് കണ്ടെത്താനാണു ശ്രമം. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലുള്ള മൈതാനത്ത് വാഹന പാർക്കിങ്ങിനു തടസ്സമില്ലാതെയായിരിക്കും പ്ലാന്റ് സ്ഥാപിക്കുക. മാസ്റ്റർ പ്ലാനിലുള്ള തന്ത്രി മന്ദിരം, അതിഥിമന്ദിരം എന്നിവ പൂർത്തിയാകുന്നതോടെ പുരപ്പുറ സൗരോർജ പദ്ധതിക്കും ആലോചനയുണ്ട്.
ആസ്ഥാനമണ്ഡപം ചെമ്പ് പൊതിയുന്നത് ഉൾപ്പെടെയുള്ള 13.5 കോടി രൂപയുടെ പദ്ധതി നേരത്തെ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുള്ളതാണ്. ക്ഷേത്രത്തിലെ നിർമാണ പ്രവർത്തനങ്ങൾക്ക് ഹൈക്കോടതിയുടെ പ്രത്യേക അനുമതി ആവശ്യമായതിനാൽ വികസന പദ്ധതി കളുടെ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.