24 October, 2021 09:56:50 PM
ദുരന്തസ്ഥലങ്ങളിൽ പോയി സെൽഫി എടുക്കരുതെന്ന് കോട്ടയം കളക്ടർ
കോട്ടയം: പ്രളയദുരന്ത സ്ഥലങ്ങളിൽ വെറുതെ ചുറ്റിക്കറങ്ങുകയും സെൽഫിയെടുത്തു രസിക്കുകയും ചെയ്യുന്നത് ഒഴിവാക്കണമെന്നു കോട്ടയം ജില്ലാ കളക്ടർ. പ്രളയവും മഴയും പലേടത്തും ഇപ്പോഴും തുടരുകയാണ്. എന്നാൽ, മണ്ണിടിച്ചിലും അപകടങ്ങളും ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് ആളുകൾ കാഴ്ചകാണാൻ പോകുന്നതും സെൽഫിയെടുക്കുന്നതും ഒഴിവാക്കണമെന്ന് കോട്ടയം കളക്ടർ പി.കെ. ജയശ്രീ ഇന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലകളിൽ മഴ തുടരുന്ന സാഹചര്യമുണ്ട്. ഇന്നലെ മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട ഭാഗങ്ങളിൽ ശക്തമായ മഴ പെയ്തു. മണ്ണിടിച്ചിലുണ്ടാകാനിടയുള്ള സ്ഥലങ്ങൾ ആളുകൾ സന്ദർശിക്കുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൊക്കെ കണ്ടു. ചില സെൽഫി ചിത്രങ്ങളിൽ കുട്ടികളെ വരെ കണ്ടു.
മണ്ണിടിച്ചിലുണ്ടാകാനിടയുള്ള സ്ഥലങ്ങളിലും ദുരിതബാധിത മേഖലകളിലും കാഴ്ചകൾ കാണാൻ പോകുന്നത് അപകടകരമാണ്. ദുരിതബാധിത മേഖലയിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെ അനാവശ്യ സന്ദർശനങ്ങൾ ദോഷകരമായി ബാധിക്കും.
മഴ പെയ്തു പലേടങ്ങളിലും മണ്ണ് ഇളകിക്കിടക്കുന്ന അവസ്ഥയുണ്ട്. ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കുന്നതും അപകടകരമാണ്. നാം ജാഗ്രതയോടെ പെരുമാറിയാലേ അപകടങ്ങൾ ഒഴിവാക്കാനാകൂ. ഉരുൾപൊട്ടലും മറ്റ് അപകടങ്ങളും ഉണ്ടായതായി അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
പ്രകൃതിക്ഷോഭത്തിന്‍റെ പഴയ വീഡിയോകളൊക്കെ പുതിയതെന്ന നിലയിലും പ്രചരിക്കപ്പെടുന്നു. വസ്തുത ഉറപ്പാക്കിയേ പ്രകൃതിദുരന്തം സംബന്ധിച്ച എല്ലാ വിവരങ്ങളും പങ്കുവയ്ക്കാവൂ. സ്ഥലവും തീയതിയും സമയവുമൊക്കെ രേഖപ്പെടുത്താതെ ഷെയർ ചെയ്യുന്ന വിവരങ്ങൾ ആളുകളെ ഭയാശങ്കയിലാക്കും. നമുക്കു ജാഗ്രതയോടെ പ്രതിസന്ധികളെ തരണംചെയ്യാം.