16 October, 2021 05:29:56 PM
കോട്ടയത്തേയ്ക്ക് കരസേന പുറപ്പെട്ടു; വ്യോമസേനയും തയാർ
കോട്ടയം: കനത്ത മഴയിൽ വ്യാപക നാശനഷ്ടമുണ്ടായ കോട്ടയം കൂട്ടിക്കലിലേക്ക് കരസേന പുറപ്പെട്ടു. 35 സൈനികർ ഉൾപ്പെടുന്ന സംഘമാണ് കോട്ടയത്തേയ്ക്ക് തിരിച്ചത്. ഇവർ കോട്ടയത്ത് എത്തിയശേഷം കൂട്ടിക്കലിലേക്ക് പുറപ്പെടും. വ്യോമസേനയും സജ്ജമായി. എം17, സാരംഗ് ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുക. കോട്ടയം ജില്ലാ ഭരണകൂടം സൈന്യത്തിന്റെ സഹായം തേടിയിരുന്നു.
കൂട്ടിക്കലിലെ പ്ലാപ്പള്ളിയിലാണ് വൻ ദുരന്തം ഉണ്ടായിരിക്കുന്നത്. 13 പേരെ ഇവിടെ കാണാതായി. മൂന്ന് പേർ മരിച്ചു. കൂട്ടിക്കൽ പഞ്ചായത്തിലെ മൂന്നാം വാർഡിൽ അഞ്ച് വീടുകൾ മാത്രമുള്ള പ്രദേശത്താണ് വൻ ദുരന്തമുണ്ടായിരിക്കുന്നത്.
മൂന്ന് വീടുകളാണ് ഉരുൾപൊട്ടലിൽ ഒലിച്ചു പോയത്. ഒരു വീടിന്റെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീണാണ് മൂന്ന് പേർ മരിച്ചത്. മറ്റ് മൂന്ന് പേർക്കായി നാട്ടുകാർ തെരച്ചിൽ നടത്തുകയാണ്.
ദുരന്തനിവാരണസേനയ്ക്കോ അഗ്നിശമന സേനയ്ക്കോ പ്ലാപ്പള്ളിയിൽ എത്താൻ സാധിച്ചിട്ടില്ല. പലയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടാകുകയും റോഡ് ഒലിച്ചുപോയതുമാണ് രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായത്. കൂട്ടിക്കലിലിനു പുറമേ കാഞ്ഞിരപ്പള്ളിയും മുണ്ടക്കയവും ഒറ്റപ്പെട്ട നിലയിലാണ്. പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉൾപ്പെടെയുള്ളവർ പ്ലാപ്പള്ളിയിലേക്ക് തിരിച്ചെങ്കിലും വഴിയിൽ കുടുങ്ങി. പിന്നീട് ഇവർ മറ്റൊരു വലിയ വാഹനത്തിൽ പ്രദേശത്തേയ്ക്ക് പുറപ്പെട്ടു.