15 October, 2021 06:13:40 PM
ഏറ്റുമാനൂരിൽ വ്യായാമത്തിന് ഇടമില്ല: ജീവനുകൾ റോഡിൽ പൊലിയുന്നു
ഏറ്റുമാനൂർ: ഒരു താലൂക്ക് ആസ്ഥാനത്തിന് വേണ്ട സംവിധാനങ്ങളെല്ലാമുള്ള നഗരമാണ് ഏറ്റുമാനൂർ. പക്ഷെ ഇവിടെ ജനങ്ങൾക്ക് വ്യായാമത്തിനോ പോട്ടെ പ്രഭാതസവാരിക്കു പോലും ഇടമില്ല. ഈ സാഹചര്യമാണ് ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും കോൺഗ്രസ് നേതാവുമായിരുന്ന ബി.സുശീലൻ നായരുടെ ജീവൻ നഷ്ടമാക്കിയത്.
ഏറ്റുമാനൂരിലെ പ്രധാന റോഡുകളുടെയെല്ലാം വശങ്ങളിലൂടെ നൂറുകണക്കിന് ആളുകളാണ് ദിവസേന വ്യായാമനടത്തത്തിൽ ഏർപ്പെടുന്നത്. വെളുപ്പിന് നാലു മുതൽ രാവിലെ ഏഴു വരെ റോഡുകളിൽ നടപ്പുകാരുടെ തിരക്കാണ്. ഇതേസമയം തന്നെയാണ് ഗതാഗതത്തിരക്കില്ലാത്ത റോഡുകളിലൂടെ ശരവേഗത്തിൽ വാഹനങ്ങൾ പായുന്നത്. ഇതിനിടെ വാഹനങ്ങൾ തമ്മിലുള്ള മറികടക്കലും കൂടിയാവുമ്പോൾ കാൽനടയാത്രക്കാരുടെ ജീവനാണ് ഏറെ ഭീഷണിയാകുകയാണ്.
ഏറ്റുമാനൂർ നഗരമദ്ധ്യത്തിലുള്ള ഗവണ്മെൻ്റ് ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടായിരുന്നു പൊതുജനത്തിന് വിവിധ വ്യായാമങ്ങൾക്കുള്ള ഏക ആശ്രയം. വിവിധ കളികൾക്കും നടത്തത്തിനുമായി നൂറുകണക്കിന് ആളുകളാണ് വെളുപ്പിനെയും വൈകുന്നേരവുമായി ഇവിടെ എത്തിയിരുന്നത്. എന്നാൽ ഗ്രൗണ്ടിൽ ഇപ്പോൾ ആർക്കും പ്രവേശനമില്ല. ഗേറ്റുകൾ പൂട്ടിയിട്ടിരിക്കുന്നു. മതിൽ ചാടിക്കടക്കുന്ന കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നതു മാത്രമുണ്ട്. ക്രിക്കറ്റ് കളിക്കുന്ന ഭാഗമൊഴികെ കാടുകയറിയ നിലയിലാണ്. ഗ്രൗണ്ട് ശരിയായ രീതിയിൽ സംരക്ഷിച്ചാൽ പൊതു ജനങ്ങൾക്ക് വ്യായാമത്തിന് പ്രയോജനപ്പെടുത്താമെന്ന നിർദേശം പലവട്ടം ഉയർന്നെങ്കിലും അധികൃതരുടെ കണ്ണടഞ്ഞുതന്നെ.
ഏറ്റുമാനൂർ നഗരസഭയുടേതായി വ്യായാമത്തിന് ഒരു പൊതു ഇടം അനിവാര്യമാണ്. വിവിധ കളികൾക്കുള്ള സൗകര്യങ്ങൾക്കൊപ്പം ഇവിടെ നടപ്പുകാർക്കുള്ള ട്രാക്കുകളും ക്രമീകരിക്കണം. നഗരത്തിൻ്റെ തിരക്കുകളിൽ നിന്ന് അൽപം മാറി കളിക്കളമൊരുക്കാൻ നഗരസഭ മുൻകൈയെടുക്കണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കം.
തവളക്കുഴി മുതൽ ഏറ്റുമാനൂർ ടൗൺ വരെ എംസി റോഡ് അപകടമേഖലയാണ്. ഇന്നലെ ബി സുശീലൻ നായരുടെ ജീവൻ അപഹരിച്ച അപകടം ഉണ്ടായ സ്ഥലത്തിന് തൊട്ടടുത്ത് തന്നെ റോഡ് കുറുകെ കടക്കുകയായിരുന്ന ആൾ വാഹനമിടിച്ച് മരിച്ചത് ഏതാനും വർഷം മുമ്പാണ്. ഏതാനും ആഴ്ച മുമ്പും ഇവിടെ ഒരാൾ വാഹനമിടിച്ചു മരിച്ചിരുന്നു. തവളക്കുഴി മുതൽ പടിഞ്ഞാറേനട വരെ വളവുകളോ കയറ്റിറക്കങ്ങളോ ഇല്ലാത്ത റോഡിൽ വാഹനങ്ങൾ അമിത വേഗത്തിലായിരിക്കും. പ്രത്യേകിച്ച് വെളുപ്പിന്. ഇവിടെ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്.