13 October, 2021 07:32:49 PM
നികത്തിയ കൃഷിയിടത്തില്‍നിന്നും മണ്ണ് മുഴുവന്‍ നീക്കം ചെയ്യാന്‍ ഉത്തരവ്
കെട്ടിടനിര്‍മ്മാണത്തിന് പെര്‍മിറ്റ് എടുത്തത് തെറ്റായ സര്‍വ്വേ നമ്പരിലെന്നും കണ്ടെത്തല്‍
കോട്ടയം: കൃഷിഭൂമിയായിരുന്ന സ്ഥലം മണ്ണിട്ടുനികത്തിയശേഷം വീടുവെക്കുന്നതിന് വ്യാജ സര്‍വ്വേ നമ്പരില്‍ കെട്ടിടനിര്‍മ്മാണപെര്‍മിറ്റ് സ്വന്തമാക്കി. പരാതി ഉയര്‍ന്നതിനെ റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിനൊടുവില്‍ അനധികൃതമായി പരിവര്‍ത്തനപ്പെടുത്തിയ വസ്തുവില്‍നിന്ന് മണ്ണ് മുഴുവന്‍ നീക്കം ചെയ്ത് പൂര്‍വ്വസ്ഥിതിയിലാക്കാന്‍ കോട്ടയം ജില്ലാ കളക്ടറുടെ ഉത്തരവ്.
ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ പേരൂര്‍ വില്ലേജിലെ തെള്ളകം പാടശേഖരത്തിന്‍റെ ഭാഗമായ കുഴിചാലില്‍പടി ഭാഗത്താണ് സംഭവം. റവന്യൂ റിക്കാര്‍ഡില്‍ നിലം ഇനത്തില്‍പെട്ട സ്ഥലം 1200 ഘനമീറ്റര്‍ മണ്ണ് നിക്ഷേപിച്ച് നികത്തിയെടുത്തതായാണ് കണ്ടെത്തല്‍. ഇതിനുശേഷം സ്ഥലമുടമ നെടിയകാലായില്‍ സുനില്‍ തോമസ് ഇവിടെ കെട്ടിടം പണിയുന്നതിന് ഏറ്റുമാനൂര്‍ നഗരസഭയില്‍നിന്നും പെര്‍മിറ്റ് കരസ്ഥമാക്കി. എന്നാല്‍ ഈ പെര്‍മിറ്റ് തെറ്റായ സര്‍വ്വേനമ്പരിലാണ് നേടിയതെന്നും പിന്നീട് സെക്രട്ടറി തന്നെ പെര്‍മിറ്റില്‍ നമ്പര്‍ തിരുത്തി നല്‍കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
അതേസമയം, പെര്‍മിറ്റ് തിരുത്തിയെങ്കിലും നഗരസഭാ രേഖകളില്‍ ഇപ്പോഴും വ്യാജ സര്‍വ്വേ നമ്പരില്‍ തന്നെയാണ് പെര്‍മിറ്റ് ഉള്ളതെന്നും കോട്ടയം സബ് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 2016 ജൂണ്‍ മാസം മുതല്‍ മൂന്ന് വര്‍ഷത്തേക്കുള്ള കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് പരാതി ഉയര്‍ന്നതിനെതുടര്‍ന്ന് പിന്നീട് പുതുക്കി നല്‍കിയിരുന്നുമില്ല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നില്ലെങ്കിലും കുറഞ്ഞത് 400 ലോഡ് മണ്ണെങ്കിലും നിക്ഷേപിച്ച് ഈ കൃഷിഭൂമിയെ റോഡ് ലെവലില്‍ എത്തിച്ചുവെന്നായിരുന്നു പരാതിക്കാരനായ മോന്‍സി പി തോമസ് ചൂണ്ടിക്കാട്ടിയത്.
കോട്ടയം സബ് കളക്ടറുടെയും കൃഷി ഓഫീസറുടെയും വില്ലേജ് അധികൃതരുടെയും റിപ്പോര്‍ട്ടുകള്‍, നഗരസഭാ എഞ്ചിനീയറുടെ കത്ത് എന്നിവയുടെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ നടപടി. 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം ലംഘിച്ച് അനധികൃതമായി പരിവര്‍ത്തനപ്പെടുത്തിയ സ്ഥലത്തുനിന്ന് മണ്ണ് മുഴുവന്‍ ഒരു മാസത്തിനുള്ളില്‍ ഉടമ സ്വന്തം ചെലവില്‍ നീക്കം ചെയ്ത് പൂര്‍വ്വസ്ഥിതിയിലാക്കണം. വീഴ്ച വരുത്തിയാല്‍ കോട്ടയം സബ്കളക്ടര്‍ ഉത്തരവ് നടപ്പാക്കി ചിലവ് ഭൂവുടമയില്‍ നിന്നും റവന്യു റിക്കവറി നടപടിയിലൂടെ ഈടാക്കണമെന്നും കളക്ടര്‍ ഉത്തരവിട്ടു.