07 October, 2021 07:26:13 PM
'മരണക്കെണി'യുമായി നീണ്ടൂര്‍ പ്രാലേല്‍ പാലം; അധികൃതര്‍ക്ക് നിസംഗത
ഏറ്റുമാനൂര്‍: 'മരണക്കെണി'യൊരുക്കി കാത്തിരിക്കുന്ന നീണ്ടൂര്‍ പ്രാലേല്‍ പാലത്തിന്‍റെ കാര്യത്തില്‍ അധികൃതരുടെ നിസംഗത തുടരുന്നു. നീണ്ടൂര്‍ - കല്ലറ റോഡില്‍ നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലാണ് തീരെ ഇടുങ്ങിയതും കൈവരികള്‍ നഷ്ടപ്പെട്ടതുമായ പാലം സ്ഥിതിചെയ്യുന്നത്. അപകടങ്ങള്‍ വര്‍ദ്ധിച്ചതോടെ പാലത്തിന്‍റെ സംരക്ഷണഭിത്തികള്‍ പോലും നഷ്ടപ്പെട്ട അവസ്ഥ.
ഒമ്പത് മീറ്ററാണ് റോഡിന്‍റെ കുറഞ്ഞ വീതിയെങ്കിലും പാലത്തിന്‍റെ വീതി അഞ്ച് മീറ്റര്‍ മാത്രം. പല ഭാഗങ്ങളിലും വിള്ളല്‍ വീണ പാലത്തിന്‍റെ അടിഭാഗം ദ്രവിച്ച് തുരുമ്പെടുത്ത കമ്പികള്‍ പുറത്ത് കാണാം. നീണ്ടൂര്‍ ഭാഗത്തുനിന്ന് പാലത്തിലേക്ക് പ്രവേശിക്കുന്നത് ഒരു വളവുതിരിഞ്ഞാണ്. എതിരേ വരുന്ന വാഹനങ്ങള്‍ പെട്ടെന്ന് കാണാനാവാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഈ വര്‍ഷം തന്നെ പതിനഞ്ചിലധികം അപകടങ്ങള്‍ പാലത്തിലുണ്ടായി.അതില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കാറും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് പരിക്കേറ്റതാണ് ഏറ്റവും ഒടുവിലത്തെ അപകടം.
പാലത്തില്‍ 'അപകടം പതിയിരിക്കുന്നു' എന്നറിയിച്ചുകൊണ്ട് നേരത്തെ അപകടത്തില്‍പെട്ട ഒരു ബൈക്കും കാറും ഓട്ടോയും പാലത്തിന്‍റെ ഇരുകരകളിലുമായി ഇന്ന് വരെ കിടപ്പുണ്ടായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് ചേര്‍ത്തല, ആലപ്പുഴ, വൈക്കം ഭാഗങ്ങളില്‍നിന്ന് രോഗികളുമായി ഒട്ടേറെ ആംബുലന്‍സുകളാണ് ഈ സംസ്ഥാനപാതയിലൂടെ നിത്യേന കടന്നുപോകുന്നത്. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ മന്ത്രി വി.എന്‍.വാസവന്‍ ഉള്‍പ്പെടെ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
പാലം നവീകരണത്തിന് ഒന്നര കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറയുന്നത്. പക്ഷെ സര്‍ക്കാര്‍ അടുത്ത ബജറ്റില്‍ തുക വകയിരുത്തേണ്ടിവരുമെന്നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ പറയുന്നത്. അങ്ങിനെയെങ്കില്‍ അതുവരെ 'മരണകെണി'യില്‍പ്പെടാതെ യാത്രക്കാരെ സംരക്ഷിക്കാനുള്ള ക്രമീകരണങ്ങള്‍ എങ്കിലും പാലത്തിനിരുവശവും ചെയ്യണമെന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ആവശ്യം.