05 October, 2021 07:36:19 PM


ജീവന്‍ പണയം വെയ്ക്കണം പുന്നത്തുറ കമ്പനിക്കടവിലെ പാലത്തിലൂടെ യാത്ര ചെയ്യാന്‍



ഏറ്റുമാനൂര്‍: പുന്നത്തുറ കമ്പനിക്കടവ് പാലം അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങളേറെ. നിര്‍മ്മാണാനുമതി ലഭിച്ച് ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും പാലം പണി തടുങ്ങാനായില്ല. ജനപ്രതിനിധികളും ഉദ്യോഗസ്ഥപ്രതിനിധികളും നാട്ടുകാരും ഒന്നടങ്കം ശ്രമിച്ചിട്ടും നവീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാവാത്ത പാലം എന്ന ബഹുമതികൂടി മീനച്ചിലാറിന് കുറുകെ കമ്പനികടവില്‍ സ്ഥിതിചെയ്യുന്ന പാലത്തിന് കൈവന്നിരിക്കുകയാണ്.


2009ല്‍ മോന്‍സ് ജോസഫ് മന്ത്രിയായിരുന്നപ്പോള്‍ ധനമന്ത്രി തോമസ് ഐസക് മാന്ദ്യവിരുദ്ധ പാക്കേജ് പദ്ധതിയില്‍ 10 കോടി രൂപ വകയിരുത്തി പുതിയ പാലം നിര്‍മ്മിക്കാന്‍ തീരുമാനിച്ചതാണ്. പുതിയ പാലത്തിന് ഇരുകരകളിലും അപ്രോച്ച് റോഡ് നിര്‍മ്മിക്കാന്‍ സ്വകാര്യ വ്യക്തികളില്‍ നിന്നും 1.5 കോടി രൂപ പൊന്നുംവില കൊടുത്ത് ഭൂമി ഏറ്റെടുത്തു. പിന്നീട് രണ്ട് മീറ്റര്‍ ഉയര്‍ത്തി പുതിയ പാലത്തിന് രൂപരേഖ തയ്യാറാക്കി 8.5 കോടി മതിപ്പ് തുകയില്‍ ടെന്‍ഡര്‍ ചെയ്ത് നടപടി തുടങ്ങിയെങ്കിലും കരാറുകാരന്‍ പണി തുടങ്ങിയില്ല.


ഇതിനിടയില്‍ നാട്ടുകാര്‍ സംഘടിച്ച് പ്രക്ഷോഭ നടപടികള്‍ സ്വീകരിച്ചു. ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് മുന്‍ എം.എല്‍.എ., സുരേഷ് കുറുപ്പ്, ഉമ്മന്‍ ചാണ്ടി എന്നിവര്‍ ഇടപെട്ട് പാലം നിര്‍മ്മാണം പുനരാരംഭിക്കല്‍ നടപടി സ്വീകരിച്ചെങ്കിലും പുതിയ സാഹചര്യത്തില്‍ പുതിയ രൂപരേഖയും എസ്റ്റിമേറ്റും വേണ്ടിവന്നു. മണ്ണ് പരിശോധന, പുതിയ സ്‌കെച്ച് എന്നിവ ഉണ്ടാക്കാന്‍ ടെന്‍ഡര്‍ കൊടുത്തെങ്കിലും ആരും എടുക്കാന്‍ തയ്യാറായില്ല. പുതിയ ക്വട്ടേഷന്‍ കൊടുത്ത് നടപടി പുതുതായി ആരംഭിക്കാനുള്ള ശ്രമവും ചുവപ്പുനാടയില്‍ കുരുങ്ങി.  


മഹാപ്രളയത്തില്‍ വന്‍ വൃക്ഷങ്ങളും ഇല്ലികളും ചുവടോടെ ഒഴുകിവന്ന് പാലത്തില്‍ തടഞ്ഞു നിന്ന് പാലത്തിന്‍റെ തൂണുകള്‍ക്ക് ബലക്ഷയം നേരിട്ടിരിക്കുകയാണ്. ഭാരവണ്ടികള്‍ കയറുമ്പോള്‍ പാലം കുലുങ്ങുന്നു. കൈവരികള്‍ രണ്ടും ഇളകിയാടുന്നു. ആറിന്‍റെ അടിത്തട്ട് ശക്തമായ ഒഴുക്കില്‍ ഇളകിയതും പാലത്തിന്‍റെ തൂണുകള്‍ക്ക് ബലക്ഷയം ഉണ്ടാകാന്‍ കാരണമായി. പാലം ഏതു നിമിഷവും തകര്‍ന്നു വീഴാമെന്ന് നാട്ടുകാര്‍ ഭയക്കുന്നു. പാലം നിര്‍മ്മാണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍കുട്ടികള്‍ ഉള്‍പ്പെടെ നാട്ടുകാര്‍ രണ്ട് വര്‍ഷം മുമ്പ് ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. പക്ഷെ നടപടികള്‍ എങ്ങുമെത്തിയില്ലെന്നുമാത്രം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K