27 September, 2021 08:47:15 PM
പോക്കുവരവിന് 'താന്‍ അറിയാത്ത' അപേക്ഷ; ഉറവിടം തേടി അഭിഭാഷക
നീണ്ടൂര്‍: സ്ഥലം പോക്കുവരവ് ചെയ്തു നല്‍കുന്നതിന് താന്‍ നല്‍കിയിട്ടില്ലാത്ത അപേക്ഷയുടെ പേരില്‍ വില്ലേജ് ഓഫീസില്‍ നിന്നും ലഭിച്ച കത്തിന്‍റെ ഉറവിടം തേടി അഭിഭാഷക. ഇപ്പോള്‍ വിദേശത്ത് താമസിക്കുന്ന ഏറ്റുമാനൂര്‍ കുറുമള്ളൂര്‍ കരിങ്ങോലപ്പാലയ്ക്കല്‍ അഡ്വ. പ്രിയ പി നായര്‍ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും ഉള്‍പ്പെടെ പരാതി നല്‍കി.
ഏറ്റുമാനൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത വില്‍പ്പത്രപ്രകാരമുള്ള സ്ഥലം പോക്കുവരവ് ചെയ്ത് ലഭിക്കുന്നതിന് 2014 ൽ പ്രിയ ഓണംതുരുത്ത് വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. പിവി 294/14/എസ്ഡി എന്ന നമ്പരിലായിരുന്നു അപേക്ഷ സ്വീകരിച്ചത്. ഇതിനുശേഷം രണ്ട് തവണ നാട്ടിലെത്തിയപ്പോഴും അപേക്ഷയിന്മേലുള്ള നടപടികള്‍ അറിയാനും ത്വരിതപ്പെടുത്താനും വില്ലേജ് ഓഫീസില്‍ കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് 2014 ലും 2019 ലുമായി രണ്ട് തവണ ഉദ്യോഗസ്ഥര്‍ എത്തി സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു.
പക്ഷെ പോക്കുവരവ് ചെയ്തു കിട്ടിയില്ല. ഈ വര്‍ഷം നാട്ടിലെത്തിയ പ്രിയ വീണ്ടും വില്ലേജ് ഓഫീസില്‍ എത്തി. തുടര്‍ന്ന് ചില പ്രമാണങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ആഗസ്ത് 28 തീയതിയിലുള്ള ഒരു കത്ത് വില്ലേജ് അസിസ്റ്റന്‍റ് സെപ്തംബര്‍ 7 ന് തനിക്ക് നല്‍കിയെന്നും ആയതു പ്രകാരം ആധാരങ്ങൾ ഉള്‍പ്പെടെ അടുത്ത ദിവസം എത്തിച്ചെന്നും പ്രിയ മന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
സെപ്റ്റംബർ മാസം 11ന് പ്രിയ യുഎഈയില്‍ എത്തിയ ശേഷം 15/9/21 തീയതി വെച്ച് നാട്ടിലെ മേൽവിലാസത്തിൽ വില്ലേജ് ഓഫീസിൽ നിന്നും ഒരു കത്ത് കിട്ടി. പ്രിയയുടെ അപേക്ഷപ്രകാരം സെപ്തംബര്‍ 2ന് പിവി 146/2021 എന്ന നമ്പരായി വില്ലേജ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത പോക്കുവരവ് അപേക്ഷയാണ് സൂചനയായി ഈ കത്തില്‍ കാണിച്ചിരുന്നത്. എന്നാല്‍ ഇങ്ങനെയൊരു അപേക്ഷ താന്‍ നല്‍കിയിട്ടില്ലെന്നും 2014ൽ താന്‍ നല്‍കിയ അപേക്ഷയില്‍ ഉണ്ടായ കാലതാമസം ഒഴിവാക്കുന്നതിനായി കൃത്രിമമായി ഉണ്ടാക്കിയതാണ് ഇതെന്ന് സംശയിക്കുന്നതായും പ്രിയ പരാതിയില്‍ ചൂണ്ടികാട്ടുന്നു.
ഈ കത്ത് തന്‍റെ പേരില്‍ നല്‍കി ഫീസ് ഒടുക്കിയത് ആരാണെന്ന് അന്വേഷിച്ച് നടപടിയെടുക്കണമെന്നാണ് പ്രിയയുടെ ആവശ്യം. വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ ഇടപെടലുകളിലുള്ള പോരായ്മയും പ്രിയ തന്‍റെ പരാതിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി തുടരന്വേഷണത്തിനായി കോട്ടയം ജില്ലാ കളക്ടര്‍ക്ക് കൈമാറി. അതേസമയം പ്രിയ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ ഇപ്രകാരമൊരു കത്ത് നല്‍കിയതെന്നും 2021ല്‍ ചാര്‍ജെടുത്ത തനിക്ക് 2014ലെ സംഭവങ്ങള്‍ അറിയില്ലെന്നും വില്ലേജ് ഓഫീസര്‍ അനീഷ് പറയുന്നു.