24 September, 2021 06:19:35 PM
ഏറ്റുമാനൂര്‍ ക്ഷേത്രം: രുദ്രാക്ഷമാല മോഷണം വിവാദമായപ്പോള്‍ പുതിയ മാലയും രജിസ്റ്ററില്‍ ചേര്‍ത്തു
ഏറ്റുമാനൂര്‍: മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണം കെട്ടിയ രുദ്രാക്ഷമാല മോഷണം പോയതുതന്നെയെന്ന് പോലീസ്. ഇപ്പോള്‍ ക്ഷേത്രത്തിലുള്ളത് മൂന്ന് വര്‍ഷത്തോളം മാത്രം പഴക്കമുള്ള മാലയാണെന്നാണ് കണ്ടെത്തല്‍. ഇതോടെ പഴയ മേല്‍ശാന്തിയെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.
ശ്രീകോവിലിനുള്ളിലെ ഭഗവാന്‍റെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന 23 ഗ്രാം സ്വർണ്ണം കെട്ടിയ 81 മുത്തുകളുള്ള രുദ്രാക്ഷമാലയില്‍ ഒമ്പത് മുത്തുകള്‍ ഇളകി കാണാതെപോയി എന്നായിരുന്നു ദേവസ്വം അധികൃതര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. മാലയിലെ മുത്തുകള്‍ കുറഞ്ഞതോ കാണാതായതോ അല്ലെന്നും യഥാര്‍ത്ഥ മാല തന്നെ മോഷണം പോയതാണെന്നുമുള്ള കണ്ടെത്തലയിരുന്നു വിജിലൻസിന്‍റേത്. ഇത് ശരി വെക്കുന്നതാണ് പോലീസിന്‍റെ കണ്ടെത്തലുകളും.
മാലമോഷണം പിടിക്കപ്പെടുമെന്നായപ്പോള്‍ യഥാർത്ഥ മാലയ്ക്കുപകരം പുതിയത് വച്ചതാണെന്ന ദേവസ്വം വിജിലന്‍സിന്‍റെ കണ്ടെത്തല്‍ ശരിവെക്കുകയാണ് പോലീസും. രുദ്രാക്ഷമാലയിൽ 9 മുത്തുകൾ കുറവ് വന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും സംഭവം ബന്ധപ്പെട്ടവരെ അറിയിക്കുന്നതിൽ ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും വിജിലൻസ് ശുപാർശ ചെയ്തിരുന്നു. ഏറെ വിവാദങ്ങള്‍ക്കുശേഷം ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ നല്‍കിയ പരാതിയില്‍ ഏറ്റുമാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
വിവാദത്തെതുടര്‍ന്ന് ദേവസ്വം തിരുവാഭരണം കമ്മീഷണര്‍ അജിത്കുമാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 81 മുത്തുകളുള്ള മാലയ്ക്ക് പകരം 72 മുത്തുകളുള്ള ഒരു മാലയാണ് കാണാനായത്. ഈ മാലയില്‍ നിന്ന് മുത്തുകള്‍ നഷ്ടപ്പെട്ടതായ ലക്ഷണങ്ങള്‍ കാണാനായില്ല. 2006ല്‍ അന്ന് അഡ്മിനിസ്ടേറ്റീവ് ഓഫീസര്‍ ആയിരുന്ന ജയലാല്‍ നടയ്ക്കുവെച്ചതെന്ന് ദേവസ്വം രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള 23 ഗ്രാം സ്വർണ്ണം കെട്ടിയ 81 മുത്തുകളുള്ള രുദ്രാക്ഷമാലയല്ല ഇതെന്നും വ്യക്തമായി. അന്വേഷണത്തിന്‍റെ ഭാഗമായി കാലപ്പഴക്കം നിര്‍ണ്ണയിക്കുന്നതില്‍ വിദഗ്ധനായ ഒരാളെകൊണ്ട് മാല പരിശോധിപ്പിക്കുകയായിരുന്നു പോലീസ് ചെയ്തത്. 72 മുത്തുകളുള്ള നിലവിലെ മാലയ്ക്ക് മൂന്ന് വര്‍ഷത്തിലധികം പഴക്കമില്ലെന്നായിരുന്നു ഇദ്ദേഹം വെളിപ്പെടുത്തിയത്.
ക്ഷേത്രത്തിൽ പുതിയ മേൽശാന്തി പത്മനാഭൻ സന്തോഷ് കഴിഞ്ഞ ജൂലൈയില്‍ ചുമതല ഏറ്റെടുത്തപ്പോഴാണ് ഭഗവാന്‍റെ വിഗ്രഹത്തിൽ സ്ഥിരമായി ചാർത്തിയിരുന്ന രുദ്രാക്ഷമാലയിലെ മുത്തുകളില്‍ വന്ന കുറവ് ശ്രദ്ധയില്‍പ്പെട്ടത്. പരിശോധനയില്‍ കണ്ടെത്തിയ 72 മുത്തുകളുള്ള മാലയില്‍ 20 ഗ്രാം സ്വര്‍ണ്ണമാണുള്ളത്. ഈ മാലയും ഇപ്പോള്‍ സ്റ്റോക്ക് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാല കാണാതായത് വിവാദമായ ശേഷമാണ് ഇത് രസീതാക്കി രജിസ്റ്ററില്‍
ചേര്‍ത്തതെന്നു പോലീസ് പറയുന്നു.
അതേസമയം, രുദ്രാക്ഷമാല തനിക്ക് ഇതിനുമുമ്പാണ്ടായിരുന്ന മേല്‍ശാന്തി കൈമാറിയതാണെന്നും മുത്തുകള്‍ പരിശോധിച്ചിട്ടില്ലെന്നുമായിരുന്നു സ്ഥാനമൊഴിഞ്ഞ മേല്‍ശാന്തി കേശവന്‍ സത്യേഷ് മൊഴി നല്‍കിയത്. പുറപ്പെടാശാന്തിയായ മേല്‍ശാന്തിയുടെ കാലാവധി മൂന്ന് വര്‍ഷമാണ്. മാലയ്ക്ക് മൂന്ന് വര്‍ഷം പഴക്കം നിര്‍ണ്ണയിച്ചിരിക്കുന്നതിനാല്‍ കേശവന്‍ സത്യേഷിന് മുമ്പുണ്ടായിരുന്ന മേല്‍ശാന്തിയുടെ മൊഴിയും എടുക്കേണ്ടിവന്നേക്കാമെന്ന് പോലീസ് പറയുന്നു. ശ്രീകോവിലിനുള്ളില്‍ മുട്ടുശാന്തിമാര്‍ ഉള്‍പ്പെടെ പുരോഹിതര്‍ കയറുന്നുണ്ടെങ്കിലും ഉത്തരവാദിത്വം മേല്‍ശാന്തിക്കാണ്. ക്ഷേത്രം എ.ഓ പരാതി നല്‍കിയിരിക്കുന്നതും മേല്‍ശാന്തിക്കെതിരെയാണ്. ഏറ്റുമാനൂര്‍ ഇന്‍സ്പെക്ടര്‍ സി.ആര്‍.രാജേഷ്കുമാറിന്‍റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം നടക്കുന്നത്.