24 September, 2021 11:16:01 AM
ബിജെപിയുമായി കൈകോര്‍ത്ത് എല്‍ഡിഎഫ്; യുഡിഎഫ് കോട്ടയം നഗരസഭയില്‍ വീഴുന്നു?
കോട്ടയം: ഈരാറ്റുപേട്ട നഗരസഭയ്ക്ക് പിന്നാലെയാണ് കോട്ടയം നഗരസഭയിലും നിർണായക നീക്കത്തിലൂടെ സിപിഎം തന്ത്രങ്ങൾ പുറത്തെടുത്തത്. ഈരാറ്റുപേട്ടയിൽ എസ്ഡിപിഐ പിന്തുണയോടെയാണ് യുഡിഎഫിന്റെ ഭരണം അവസാനിപ്പിച്ചതെങ്കിൽ കോട്ടയത്ത് അത് ബിജെപിയുടെ പിന്തുണയോടെയാണ് എന്നതാണ് ശ്രദ്ധേയം. ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കുമെന്ന് ബിജെപി വ്യക്തമാക്കി.
സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമാണ് കോട്ടയം നഗരസഭയിൽ നടപ്പാക്കുന്നതെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ നോബിൾ മാത്യു വ്യക്തമാക്കി. രാവിലെ ചേർന്ന പാർലമെന്റ് പാർട്ടി നേതാക്കളുടെയും ജില്ലയിലെ മുതിർന്ന നേതാക്കളുടെയും യോഗത്തിന് ശേഷമാണ് ബിജെപി ജില്ലാ ജനറൽ മാധ്യമ നിലപാട് വ്യക്തമാക്കിയത്. സിപിഎം ബിജെപി കൂട്ടുകെട്ട് എന്ന ആരോപണത്തെ ബിജെപി പൂർണമായും തള്ളിക്കളയുന്നു. കോട്ടയം നഗരസഭയിലെ ഭരണം മോശമായതു കൊണ്ടാണ് അവിശ്വാസത്തെ പിന്തുണയ്ക്കുന്നതെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ പറയുന്നു. ബിജെപി കൗൺസിലർമാർ ഉള്ള വാർഡുകളോട് തികഞ്ഞ അവഗണനയാണ് യുഡിഎഫ് ഭരണത്തിൽ ഉണ്ടാകുന്നത് എന്നും ബിജെപി ജില്ലാ അധ്യക്ഷൻ പറയുന്നു. സിപിഎം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാൻ ബിജെപി വിപ്പ് നൽകി.
ഭരണത്തോട് ജനങ്ങൾക്ക് കടുത്ത വിയോജിപ്പാണ് ഉള്ളതെന്ന് സിപിഎം വ്യക്തമാക്കി. ബിജെപി സിപിഎം കൂട്ടുകെട്ട് എന്ന ആരോപണം നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ ഷീജ അനിൽ തള്ളിക്കളഞ്ഞു. ബിജെപിയുമായി ഈ കാര്യത്തിൽ ഒരു കൂട്ടുകെട്ടും ഉണ്ടായിട്ടില്ല എന്നാണ് സിപിഎം വിശദീകരിക്കുന്നത്. കോട്ടയത്തെ ജനങ്ങളുടെ താൽപര്യത്തിന് വേണ്ടിയാണ് അവിശ്വാസം പിന്തുണയ്ക്കുന്നത് എന്നും ഷീജ അനിൽ പറയുന്നു. കോൺഗ്രസിൽ തന്നെ ഈ കാര്യങ്ങളോട് കടുത്ത പ്രതിസന്ധിയാണുള്ളത്. കോൺഗ്രസിലെ ഒരു വിഭാഗം മാനസികമായി ഈ അവിശ്വാസപ്രമേയത്തോട് യോജിക്കുന്നുണ്ട് എന്നും ശ്രീജ അനിൽ വ്യക്തമാക്കി.
കോട്ടയം നഗരത്തിൽ കടുത്ത വികസന മുരടിപ്പാണ് ഉള്ളത് എന്നും സിപിഎം വിശദീകരിക്കുന്നു. എന്നാൽ ഭരണത്തിനായി ഭാവിയിൽ ബിജെപിയുടെ പിന്തുണ സ്വീകരിക്കുമോ എന്ന ചോദ്യത്തോട് സിപിഎം പ്രതികരിക്കുന്നില്ല. എന്നാൽ കോൺഗ്രസ്സും സിപിഎമ്മും ആയി ഒരു ബന്ധവും ഇനിയും ഉണ്ടാകില്ല എന്ന ബിജെപി ജില്ലാ അധ്യക്ഷൻ നോബിൾ മാത്യു വ്യക്തമാക്കി. ഭാവിയിൽ നഗരസഭാധ്യക്ഷനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ആ സമയത്ത് തീരുമാനമെടുക്കുമെന്നും ബിജെപി വ്യക്തമാക്കി.
അതിനിടെ അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിൽക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ഇന്ന് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കരുത് എന്ന് കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പ് നൽകി. കോൺഗ്രസിൽ ഉള്ള കടുത്ത ഭിന്നത കണക്കിലെടുത്താണ് തീരുമാനമെന്നാണ് സൂചന. നേരത്തെ കോൺഗ്രസ് പാർട്ടിയുടെ നഗരസഭാ ലീഡർ ആയിരുന്ന എം പി സന്തോഷ് കുമാർ ഭിന്നതകളെ തുടർന്ന് രാജിവെച്ചിരുന്നു.
ആകെ 52 അംഗ നഗരസഭയിൽ യുഡിഎഫിനും എൽഡിഎഫിനും 22 അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്. ബിജെപിക്ക് എട്ട് അംഗങ്ങൾ ആണ് ഉള്ളത്. അവിശ്വാസ പ്രമേയ ചർച്ചയിൽ ആകെയുള്ള 52 അംഗങ്ങളിൽ 27 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. ഏതായാലും ഈരാറ്റുപേട്ട യ്ക്ക് പിന്നാലെ കോട്ടയം നഗരസഭയിലും യുഡിഎഫ് ഭരണം അവസാനിക്കുകയാണ്. രണ്ടായിരത്തിനുശേഷം ആദ്യമായാണ് യുഡിഎഫ് കോട്ടയം നഗരസഭയിൽ ഭരണത്തിൽ നിന്ന് പുറത്താക്കുന്നത്.