18 September, 2021 06:30:05 PM


എല്ലാവർക്കും പാർപ്പിടം സർക്കാരിന്‍റെ പ്രഖ്യാപിത നയം - മന്ത്രി വി.എൻ. വാസവൻ



കോട്ടയം: ജില്ലയിൽ 752 കുടുംബങ്ങൾ ഇന്നലെ പുതുതായി നിർമിച്ച സ്വന്തംവീടുകളിൽ താമസം ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ലൈഫ് മിഷൻ പദ്ധതിയിലൂടെയാണ് ജില്ലയിൽ 752 വീടുകൾ പൂർത്തീകരിച്ചത്. പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. 

ഇതോടനുബന്ധിച്ച് അയ്മനം ഗ്രാമപഞ്ചായത്തിൽ നടന്ന താക്കോൽദാനം സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും പാർപ്പിടം ഉറപ്പാക്കുകയാണ് സർക്കാരിന്റെ പ്രഖ്യാപിത നയമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച ജനക്ഷേമകരമായ പ്രവർത്തനങ്ങളിലൊന്നാണ് ലൈഫ് പദ്ധതി. രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തി നൂറു ദിവസം പിന്നിടുമ്പോൾ ലക്ഷ്യമിട്ടതിലുമധികം വീടുകൾ സംസ്ഥാനത്തു പൂർത്തീകരിക്കാനായെന്നും മന്ത്രി പറഞ്ഞു.  26 വീടുകളാണ് അയ്മനത്ത് പൂർത്തീകരിച്ചത്.

ഖര മാലിന്യ സംസ്‌കരണത്തിൽ മികവു പുലർത്തിയ അയ്മനം പഞ്ചായത്തിന് മന്ത്രി നവകേരള പുരസ്‌കാരം സമ്മാനിച്ചു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സബിത പ്രേംജി അധ്യക്ഷയായി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.വി ബിന്ദു, റോസമ്മ സോണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.കെ. ഷാജിമോൻ, കെ.വി രതീഷ്, പഞ്ചായത്തംഗങ്ങളായ വിജി രാജേഷ്, കെ.ആർ. ജഗദീശ്, കെ. ദേവകി, ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ. പ്രവീൺ, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഫിലിപ്പ് ജോസഫ്, ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. രമേഷ്, പഞ്ചായത്ത് സെക്രട്ടറി സോണി മാത്യു എന്നിവർ പ്രസംഗിച്ചു. 

അതിരമ്പുഴയിൽ പൂർത്തീകരിച്ച ഏഴു വീടുകളുടെ താക്കോൽദാനവും മന്ത്രി നിർവഹിച്ചു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഹരിപ്രകാശ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫസീന സുധീർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജയിംസ് തോമസ്, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗം ആൻസ് വർഗ്ഗീസ്,  പഞ്ചായത്ത് സെക്രട്ടറി റ്റി. ബെന്നി, രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പാമ്പാടി ഗ്രാമ പഞ്ചായത്തിൽ പൂർത്തീകരിച്ച 17 വീടുകളുടെ  താക്കോൽ ദാനം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഉമ്മൻചാണ്ടി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.എസ് ഹരികുമാർ, ഗ്രാമപഞ്ചായത്തംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി സുജ മാത്യു എന്നിവർ പങ്കെടുത്തു. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഇതുവരെ 9678 വീടുകൾ പൂർത്തിയായി. ഒന്നാം ഘട്ടത്തിൽ 1102 വീടുകളും രണ്ടാംഘട്ടത്തിൽ 4222 വീടുകളും മൂന്നാംഘട്ടത്തിൽ 775 വീടുകളും പൂർത്തീകരിച്ചു.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K